Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 88 - സത്യവേദപുസ്തകം C.L. (BSI)


സഹായത്തിനുവേണ്ടിയുള്ള യാചന
കോരഹ്പുത്രന്മാരുടെ സങ്കീർത്തനം; ഗായകസംഘനേതാവിന്, മഹലത്ത് രാഗത്തിൽ എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.

1 എന്റെ രക്ഷകനായ ദൈവമേ, സർവേശ്വരാ; രാവും പകലും ഞാൻ തിരുസന്നിധിയിൽ നിലവിളിക്കുന്നു;

2 എന്റെ പ്രാർഥന ശ്രദ്ധിക്കണമേ; എന്റെ നിലവിളി കേൾക്കണമേ.

3 ഞാൻ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്നു; ഞാൻ പാതാളത്തോടു സമീപിച്ചിരിക്കുന്നു.

4 മൃത്യുഗർത്തത്തിൽ പതിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു. എന്റെ ശക്തി ചോർന്നുപോയിരിക്കുന്നു.

5 മരിച്ചവരിൽ ഒരുവനെപ്പോലെ, ഞാൻ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. വധിക്കപ്പെട്ട് ശവക്കുഴിയിൽ തള്ളപ്പെട്ടവനെപ്പോലെയായി ഞാൻ. അവിടുത്തെ സ്മരണയിൽനിന്നു മറഞ്ഞവന്റെ സ്ഥിതിയിലാണു ഞാനിപ്പോൾ. അവർ അങ്ങയുടെ പരിപാലനത്തിൽനിന്നു ഛേദിക്കപ്പെട്ടിരിക്കുന്നുവല്ലോ.

6 പാതാളത്തിന്റെ അടിത്തട്ടിൽ, അന്ധകാരനിബിഡമായ അഗാധഗർത്തത്തിൽ, അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു.

7 അവിടുത്തെ ക്രോധം എന്നെ ഞെരുക്കുന്നു. അവിടുത്തെ രോഷത്തിന്റെ തിരമാലകൾ എന്നെ മൂടുന്നു.

8 സ്നേഹിതർ എന്നെ കണ്ട് ഒഴിഞ്ഞുമാറാൻ, അവിടുന്നിടയാക്കി. അവർക്കു ഞാനൊരു ഭീകരദൃശ്യമാണ്. രക്ഷപെടാനാവാത്തവിധം ഞാൻ തടവറയിലായിരിക്കുന്നു.

9 ദുഃഖംകൊണ്ട് എന്റെ കാഴ്ച മങ്ങിയിരിക്കുന്നു; സർവേശ്വരാ, ഞാൻ ഇടവിടാതെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ഞാൻ കൈ ഉയർത്തി അവിടുത്തോടു പ്രാർഥിക്കുന്നു.

10 മരിച്ചവർക്കുവേണ്ടി അവിടുന്നു അദ്ഭുതം പ്രവർത്തിക്കുമോ? മൃതന്മാർ എഴുന്നേറ്റ് അങ്ങയെ സ്തുതിക്കുമോ?

11 ശവക്കുഴിയിൽ അവിടുത്തെ അചഞ്ചല സ്നേഹം പ്രഘോഷിക്കപ്പെടുമോ? മൃതരുടെ ലോകത്ത് അവിടുത്തെ വിശ്വസ്തത പ്രസ്താവിക്കപ്പെടുമോ?

12 ആ അന്ധലോകത്ത് അവിടുത്തെ അദ്ഭുതങ്ങളോ, വിസ്മൃതിയുടെ ലോകത്ത് അവിടുത്തെ നീതിയോ അറിയപ്പെടുമോ?

13 എന്നാൽ, സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു. പ്രഭാതംതോറും ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു.

14 സർവേശ്വരാ, അവിടുന്ന് എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്ത്? അവിടുന്ന് എന്നിൽനിന്നു മുഖം മറയ്‍ക്കുന്നതെന്ത്?

15 ചെറുപ്പംമുതലേ ഞാൻ പീഡിതനും മരണാസന്നനും ആണ്. അവിടുന്ന് ഏല്പിച്ച ക്രൂരകഷ്ടതകളാൽ ഞാൻ നിസ്സഹായനായിത്തീർന്നിരിക്കുന്നു.

16 അവിടുത്തെ ക്രോധം എന്റെ മീതെ കവിഞ്ഞൊഴുകി. അവിടുത്തെ ഭയങ്കര പീഡനങ്ങൾ എന്നെ നശിപ്പിക്കുന്നു.

17 പെരുവെള്ളംപോലെ അവ എപ്പോഴും എന്നെ വലയം ചെയ്യുന്നു. അവ കൂട്ടമായി വന്ന് എന്നെ പൊതിയുന്നു.

18 ഉറ്റവരും സ്നേഹിതരും എന്നിൽനിന്ന്, അകന്നു മാറാൻ അവിടുന്ന് ഇടയാക്കി. എനിക്കു കൂട്ടുവരാൻ ഇരുൾ മാത്രം!

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan