Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 85 - സത്യവേദപുസ്തകം C.L. (BSI)


ദേശത്തിനുവേണ്ടിയുള്ള പ്രാർഥന
ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീർത്തനം

1 സർവേശ്വരാ, അവിടുത്തെ ദേശത്തോട് അവിടുന്നു കരുണകാട്ടി. അവിടുന്ന് ഇസ്രായേലിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ചു.

2 അവിടുത്തെ ജനത്തിന്റെ അകൃത്യം അവിടുന്നു ക്ഷമിച്ചു. അവരുടെ സർവപാപങ്ങളും പൊറുത്ത്

3 അവരോടുള്ള കോപം അവിടുന്നു അടക്കി, അവിടുത്തെ ക്രോധം അവരോട് കാട്ടിയില്ല.

4 ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. ഞങ്ങളോടുള്ള രോഷത്തിന് അറുതി വരുത്തിയാലും.

5 അവിടുന്ന് എന്നേക്കും ഞങ്ങളോടു കോപിക്കുമോ? തലമുറകളോളം അവിടുത്തെ രോഷം നീണ്ടുനില്‌ക്കുമോ?

6 അവിടുത്തെ ജനം അങ്ങയിൽ ആനന്ദിക്കാൻ അവിടുന്ന് ഞങ്ങൾക്കു നവജീവൻ നല്‌കുകയില്ലേ?

7 പരമനാഥാ, അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളോടു കാട്ടണമേ. ഞങ്ങളെ രക്ഷിക്കണമേ.

8 സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും, ആത്മാർഥതയോടെ തന്റെ സന്നിധിയിലേക്കു തിരിയുന്ന ജനത്തിന്, അവിടുത്തെ ഭക്തന്മാർക്കു തന്നെ, അവിടുന്നു സമാധാനമരുളും.

9 അങ്ങയെ ഭയപ്പെടുന്നവരെ രക്ഷിക്കാൻ, അവിടുന്ന് എപ്പോഴും ഒരുങ്ങിയിരിക്കുന്നു. അവിടുത്തെ തേജസ്സ് നമ്മുടെ ദേശത്തു കുടികൊള്ളും.

10 കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും. നീതിയും സമാധാനവും പരസ്പരം ചുംബിക്കും

11 ഭൂമിയിൽ വിശ്വസ്തത മുളയ്‍ക്കും; നീതി സ്വർഗത്തിൽനിന്നു ഭൂമിയെ നോക്കും.

12 സർവേശ്വരൻ നന്മ വർഷിക്കും; നമ്മുടെ ദേശം സമൃദ്ധമായ വിളവു നല്‌കും.

13 നീതി അവിടുത്തെ മുമ്പിൽ നടന്ന്, അവിടുത്തേക്കു വഴി ഒരുക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan