സങ്കീർത്തനങ്ങൾ 80 - സത്യവേദപുസ്തകം C.L. (BSI)പുനരുദ്ധാരണത്തിനു വേണ്ടിയുള്ള പ്രാർഥന ഗായകസംഘനേതാവിന്; സാരസരാഗത്തിൽ, ആസാഫിന്റെ സങ്കീർത്തനം 1 ഇസ്രായേലിന്റെ ഇടയനായ നാഥാ, ആട്ടിൻപറ്റത്തെ എന്നപോലെ യോസേഫിന്റെ സന്തതികളെ നയിക്കുന്ന അവിടുന്നു ഞങ്ങളെ ശ്രദ്ധിച്ചാലും; കെരൂബുകളുടെമേൽ സിംഹാസനസ്ഥനായവനേ, 2 എഫ്രയീം, മനശ്ശെ, ബെന്യാമീൻഗോത്രങ്ങൾക്ക് അങ്ങയെ വെളിപ്പെടുത്തിയാലും, അവിടുത്തെ ശക്തി ഉണർത്തി, ഞങ്ങളെ രക്ഷിക്കാൻ വരണമേ. 3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ, കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. 4 സർവേശ്വരാ, സർവശക്തനായ ദൈവമേ, അവിടുന്ന് എത്രകാലം ഞങ്ങളോടു കോപിക്കുകയും അവിടുത്തെ ജനത്തിന്റെ പ്രാർഥനകൾ കേൾക്കാതിരിക്കുകയും ചെയ്യും? 5 അവിടുന്നു ഞങ്ങൾക്കു ഭക്ഷിക്കാൻ ദുഃഖവും കുടിക്കാൻ അളവില്ലാതെ കണ്ണുനീരും നല്‌കിയിരിക്കുന്നു. 6 അയൽരാജ്യങ്ങൾ ഞങ്ങളുടെ ദേശത്തിനു വേണ്ടി ശണ്ഠ കൂടുന്നു. ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ നോക്കി പരിഹസിക്കുന്നു. 7 സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. 8 അവിടുന്ന് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്ന് അന്യജനതകളെ പുറത്താക്കി അത് അവിടെ നട്ടു. 9 അവിടുന്ന് അതിനു തടമെടുത്തു, അത് ആഴത്തിൽ വേരൂന്നി, ദേശം മുഴുവൻ പടർന്നു. 10 അതു പർവതങ്ങൾക്കു തണൽ വിരിച്ചു. അതിന്റെ ശാഖകൾ കൂറ്റൻ ദേവദാരുക്കളെ ആവരണം ചെയ്തു. 11 അത് തന്റെ ശാഖകൾ സമുദ്രംവരെയും ചില്ലകൾ നദിവരെയും നീട്ടി. 12 അങ്ങ് ആ മുന്തിരിച്ചെടിയുടെ വേലിക്കെട്ട് തകർത്തതെന്ത്? വഴിപോക്കരെല്ലാം അതിന്റെ ഫലം പറിക്കുന്നു. 13 കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു. വന്യമൃഗങ്ങൾ അതിനെ തിന്നുകളയുന്നു. 14 സർവശക്തനായ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ, സ്വർഗത്തിൽനിന്നു തൃക്കൺപാർക്കണമേ. ഈ മുന്തിരിവള്ളിയെ പരിഗണിച്ചാലും. 15 അവിടുത്തെ വലങ്കൈ നട്ട ഈ മുന്തിരിവള്ളിയെ, അങ്ങേക്കായി വളർത്തി വലുതാക്കിയ ഈ മുന്തിരിച്ചെടിയെ രക്ഷിക്കണമേ. 16 ശത്രുക്കൾ അതിനെ വെട്ടി വീഴ്ത്തുകയും തീവച്ചു ചുടുകയും ചെയ്തിരിക്കുന്നു. അവിടുത്തെ ഭർത്സനത്താൽ അവർ നശിച്ചുപോകട്ടെ. 17 അവിടുത്തെ വലത്തുഭാഗത്തിരിക്കുന്ന പുരുഷനെ, അവിടുത്തെ ശുശ്രൂഷയ്‍ക്കായി അവിടുന്നു ശക്തനാക്കിയ, മനുഷ്യപുത്രനെതന്നെ സംരക്ഷിക്കണമേ. 18 ഞങ്ങൾ ഇനി ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ. 19 ഞങ്ങൾ അങ്ങയെ എന്നും ആരാധിക്കും. സർവേശ്വരാ, സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India