സങ്കീർത്തനങ്ങൾ 8 - സത്യവേദപുസ്തകം C.L. (BSI)മനുഷ്യൻ സൃഷ്‍ടിയുടെ മകുടം ഗായകസംഘനേതാവിന്; ഗത്ത്യരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം 1 സർവേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു. 2 ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കുന്നു. അവിടുന്നു ശത്രുക്കൾക്കെതിരെ കോട്ട കെട്ടി അവിടുന്നു ശത്രുവിനെയും പ്രതികാരം ചെയ്യുന്നവനെയും മിണ്ടാതാക്കി. 3 അവിടുന്നു നിർമ്മിച്ച ആകാശത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രനക്ഷത്രാദികളെയും നോക്കുമ്പോൾ, 4 മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കാൻ അവന് എന്ത് അർഹത? 5 എങ്കിലും അവിടുന്നു മനുഷ്യനെ അവിടുത്തെക്കാൾ അല്പം മാത്രം താഴ്ത്തി, മഹത്ത്വവും തേജസ്സും അവനെ അണിയിച്ചിരിക്കുന്നു. 6 അവിടുന്നു സൃഷ്‍ടിച്ച സകലത്തിന്റെയുംമേൽ അവനെ അധിപതിയാക്കി, എല്ലാറ്റിനെയും അവന്റെ കാൽക്കീഴിലാക്കി. 7 ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും 8 ആകാശത്തിലെ പക്ഷികളെയും ആഴിയിലെ മത്സ്യങ്ങളെയും സമുദ്രത്തിൽ ചരിക്കുന്ന സകല ജീവികളെയും തന്നെ. 9 സർവേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India