Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 79 - സത്യവേദപുസ്തകം C.L. (BSI)


ഇസ്രായേൽദേശത്തിനുവേണ്ടിയുള്ള പ്രാർഥന
ആസാഫിന്റെ ഒരു സങ്കീർത്തനം

1 ദൈവമേ, അന്യജനതകൾ അവിടുത്തെ അവകാശഭൂമി കൈക്കലാക്കി; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ പാഴ്കൂമ്പാരമാക്കുകയും ചെയ്തിരിക്കുന്നു.

2 അവർ അവിടുത്തെ ദാസന്മാരുടെ മൃതശരീരം പക്ഷികൾക്കും, അവിടുത്തെ ഭക്തന്മാരുടെ മാംസം വന്യമൃഗങ്ങൾക്കും ഇരയായി കൊടുത്തു.

3 അവർ അവിടുത്തെ ജനത്തിന്റെ രക്തം യെരൂശലേമിലെങ്ങും വെള്ളംപോലെ ഒഴുക്കി. അവരുടെ മൃതശരീരങ്ങൾ സംസ്കരിക്കാൻ ആരും ഉണ്ടായില്ല.

4 ഞങ്ങൾ അയൽരാജ്യങ്ങളുടെ അധിക്ഷേപത്തിനും ചുറ്റുമുള്ളവരുടെ അവജ്ഞയ്‍ക്കും പരിഹാസത്തിനും പാത്രമായി തീർന്നിരിക്കുന്നു.

5 സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്? അവിടുന്നു ഞങ്ങളോട് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ കോപം എന്നും അഗ്നിപോലെ ജ്വലിച്ചുകൊണ്ടിരിക്കുമോ?

6 അങ്ങയെ ആരാധിക്കാത്ത അന്യജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതകളുടെമേലും അവിടുത്തെ ക്രോധം ചൊരിയണമേ.

7 അവർ യാക്കോബിന്റെ സന്തതികളെ സംഹരിക്കുകയും അവരുടെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു.

8 ഞങ്ങളുടെ പൂർവികരുടെ അകൃത്യങ്ങൾക്ക് ഞങ്ങളെ ശിക്ഷിക്കരുതേ. അവിടുത്തെ കാരുണ്യം ഇപ്പോൾ ഞങ്ങളുടെമേൽ ചൊരിയണമേ. ഞങ്ങൾ ആകെ തകർന്നിരിക്കുന്നു.

9 ഞങ്ങളുടെ രക്ഷകനായ ദൈവമേ, സഹായിച്ചാലും; അവിടുത്തെ നാമമഹത്ത്വത്തിനു വേണ്ടി ഞങ്ങളെ വിടുവിക്കണമേ, തിരുനാമത്തെപ്രതി ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

10 ‘നിങ്ങളുടെ ദൈവം എവിടെ?’ എന്നു ജനതകൾ, ഞങ്ങളോടു ചോദിക്കാൻ ഇടയാക്കരുതേ. അവിടുത്തെ ദാസന്മാരുടെ രക്തം ചിന്തിയതിന്റെ ശിക്ഷ, അന്യജനതകൾ അനുഭവിക്കുന്നതു കാണാൻ ഞങ്ങൾക്ക് ഇടയാക്കണമേ.

11 ബന്ദികളുടെ ഞരക്കം കേൾക്കണമേ. ശത്രുക്കൾ മരണത്തിനു വിധിച്ചിട്ടുള്ളവരെ അവിടുത്തെ മഹാശക്തിയാൽ വിടുവിക്കണമേ.

12 സർവേശ്വരാ, ഞങ്ങളുടെ അയൽരാജ്യങ്ങൾ, അങ്ങയെ അധിക്ഷേപിച്ചതിന് ഏഴിരട്ടി അവർക്കു പകരം നല്‌കണമേ.

13 അപ്പോൾ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ, എന്നും സ്തോത്രം അർപ്പിക്കും. ഞങ്ങൾ എന്നും അങ്ങയെ സ്തുതിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan