Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 76 - സത്യവേദപുസ്തകം C.L. (BSI)


ജേതാവായ ദൈവം
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ആസാഫിന്റെ ഒരു സങ്കീർത്തനം.

1 ദൈവം യെഹൂദായിൽ പ്രസിദ്ധനാണ്; ഇസ്രായേലിൽ അവിടുത്തെ നാമം മഹത്ത്വപൂർണമാണ്.

2 അവിടുത്തെ കൂടാരം യെരൂശലേമിലും തിരുനിവാസം സീയോനിലും ആകുന്നു.

3 അവിടെവച്ച് അവിടുന്നു ശത്രുക്കളുടെ തീയമ്പുകളും വാളും പരിചയും മറ്റെല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു.

4 ശാശ്വതശൈലങ്ങളെക്കാൾ അവിടുന്നു, മഹോന്നതനും മഹിമയുള്ളവനും ആകുന്നു.

5 ധീരന്മാരുടെ സമ്പത്ത് കൊള്ളയടിച്ചു, അവർ എല്ലാവരും മരണമടഞ്ഞു. അവർക്ക് കൈ ഉയർത്താൻപോലും കഴിഞ്ഞില്ല.

6 യാക്കോബിന്റെ ദൈവമേ, അങ്ങ് ശാസിച്ചപ്പോൾ കുതിരകളും തേരാളികളും പ്രജ്ഞയറ്റു വീണു.

7 എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവിടുത്തെ കോപം ജ്വലിച്ചാൽ തിരുമുമ്പിൽ നില്‌ക്കാൻ ആർക്കു കഴിയും?

8-9 സ്വർഗത്തിൽനിന്ന് അവിടുന്നു വിധി പ്രസ്താവിച്ചു, ഭൂമി നടുങ്ങി വിറച്ചു. ദൈവം വിധി നടപ്പിലാക്കാൻ എഴുന്നേറ്റു, ഭൂമിയിലെ സകല പീഡിതരെയും രക്ഷിക്കാൻ തന്നെ.

10 ദൈവമേ, മനുഷ്യന്റെ കോപവും അവിടുത്തേക്കു സ്തുതിയായി ഭവിക്കും. അവിടുത്തെ കോപത്തിൽനിന്നു രക്ഷപെടുന്നവർ അങ്ങയോടു ചേർന്നു നില്‌ക്കും.

11 നിങ്ങളുടെ ദൈവമായ സർവേശ്വരനു നേർച്ചകൾ നേരുകയും നിറവേറ്റുകയും ചെയ്യുവിൻ. എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങൾ കാഴ്ചകൾ കൊണ്ടുവരട്ടെ.

12 അവിടുന്നു പ്രഭുക്കന്മാരുടെ ഗർവ് അടക്കും. ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്നു ഭീതിദനാണ്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan