Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 74 - സത്യവേദപുസ്തകം C.L. (BSI)


ദേവാലയനാശത്തെക്കുറിച്ചുള്ള വിലാപം
ആസാഫിന്റെ ധ്യാനം.

1 ദൈവമേ, അവിടുന്ന് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞതെന്ത്? അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകളായ ഞങ്ങളുടെ നേരേ അവിടുത്തെ കോപം ജ്വലിക്കുന്നതെന്ത്?

2 അങ്ങു പണ്ടേ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തെ, അങ്ങു വീണ്ടെടുത്ത അവിടുത്തെ അവകാശമായ ഗോത്രത്തെത്തന്നെ ഓർക്കണമേ. അങ്ങു വസിച്ചിരുന്ന സീയോൻപർവതത്തെ വിസ്മരിക്കരുതേ.

3 പൂർണമായി തകർന്നടിഞ്ഞ നാശാവശിഷ്ടങ്ങൾ നടന്നു കാണണമേ. വിശുദ്ധമന്ദിരത്തിലുള്ളതെല്ലാം ശത്രുക്കൾ നശിപ്പിച്ചിരിക്കുന്നു.

4 അങ്ങയുടെ ശത്രുക്കൾ വിശുദ്ധമന്ദിരത്തിന്റെ നടുവിൽ നിന്നുകൊണ്ട് ഗർജിക്കുന്നു. അവിടെ അവർ വിജയക്കൊടി നാട്ടിയിരിക്കുന്നു.

5 മരംവെട്ടുകാരെപ്പോലെ അവർ ദേവാലയകവാടത്തിലെ

6 ചിത്രപ്പണികൾ മഴുകൊണ്ടും ചുറ്റികകൊണ്ടും തകർത്തുകളഞ്ഞിരിക്കുന്നു.

7 അവിടുത്തെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, അവിടുത്തെ തിരുനിവാസം അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കിയിരിക്കുന്നു.

8 ഞങ്ങളെ പൂർണമായി തകർത്തുകളയുമെന്ന് അവർ പറഞ്ഞു. ദേശത്തുള്ള എല്ലാ ആരാധനാസ്ഥലങ്ങളും അവർ ചുട്ടുകളഞ്ഞു.

9 ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല, ഒരു പ്രവാചകനും ശേഷിച്ചിട്ടില്ല. ഈ ദുരിതങ്ങൾ എത്ര കാലത്തേക്കെന്ന് ആർക്കും നിശ്ചയവുമില്ല.

10 ദൈവമേ, ശത്രുക്കൾ എത്ര കാലം അങ്ങയെ നിന്ദിക്കും? അവർ എന്നും അങ്ങയുടെ നാമം ദുഷിക്കുമോ?

11 അവിടുന്നു തൃക്കരം പിൻവലിച്ചിരിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ സഹായിക്കാതെ കൈ കെട്ടിയിരിക്കുന്നതെന്ത്?

12 ദൈവമേ, ആദിമുതലേ അവിടുന്നു ഞങ്ങളുടെ രാജാവല്ലോ, ഭൂമിയിൽ രക്ഷ പ്രദാനം ചെയ്യുന്നത് അവിടുന്നാണ്.

13 സ്വന്തം ശക്തിയാൽ അവിടുന്ന് സമുദ്രത്തെ വിഭജിച്ചു, കടലിലെ ഭീകരജന്തുക്കളുടെ തലകൾ അവിടുന്നു തകർത്തു.

14 ലിവ്യാഥാന്റെ തലകൾ അവിടുന്നു തകർത്തു. അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നല്‌കി.

15 അവിടുന്നു നീരുറവുകളും നീർച്ചാലുകളും തുറന്നുവിട്ടു. ഒരിക്കലും വറ്റാത്ത നദികൾ അവിടുന്നു വറ്റിച്ചു.

16 അവിടുന്നു രാവും പകലും സൃഷ്‍ടിച്ചു, അവിടുന്നു ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചു.

17 അവിടുന്നാണ് ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചത്. വേനൽക്കാലവും ശീതകാലവും സൃഷ്‍ടിച്ചതും അവിടുന്നാണ്.

18 സർവേശ്വരാ, ശത്രുക്കൾ അങ്ങയെ നിന്ദിക്കുന്നതും മൂഢജനം അങ്ങയെ അധിക്ഷേപിക്കുന്നതും ഓർക്കണമേ.

19 അങ്ങയുടെ പ്രാവിനെ ദുഷ്ടമൃഗങ്ങൾക്കു വിട്ടുകൊടുക്കരുതേ, ഈ എളിയവരെ എന്നേക്കും മറന്നുകളയരുതേ.

20 അവിടുന്നു ഞങ്ങളോടു ചെയ്ത ഉടമ്പടി ഓർക്കണമേ; ദേശത്തെ ഇരുണ്ടയിടങ്ങളിൽ അക്രമം കുടിപാർക്കുന്നു.

21 പീഡിതർ ലജ്ജിതരാകാൻ ഇടയാകരുതേ. ദരിദ്രരും എളിയവരും അവിടുത്തെ സ്തുതിക്കട്ടെ.

22 ദൈവമേ, എഴുന്നേറ്റ് അങ്ങേക്കുവേണ്ടി വാദിക്കണമേ, മൂഢജനം എപ്പോഴും അങ്ങയെ നിന്ദിക്കുന്നത് ഓർക്കണമേ.

23 അങ്ങയുടെ ശത്രുക്കളുടെ ആരവം ശ്രദ്ധിക്കണമേ, അങ്ങയുടെ വൈരികളുടെ ഇടവിടാതെയുള്ള അട്ടഹാസം ഓർക്കണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan