Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 73 - സത്യവേദപുസ്തകം C.L. (BSI)


മൂന്നാം പുസ്‍തകം ദൈവത്തിന്റെ നീതി
ആസാഫിന്റെ ഒരു സങ്കീർത്തനം

1 ദൈവം ഇസ്രായേൽജനത്തിനു നല്ലവനാണു നിശ്ചയം. ഹൃദയനൈർമ്മല്യമുള്ളവർക്കുതന്നെ.

2 എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു; കാലടികൾ വഴുതാൻ തുടങ്ങി.

3 ദുഷ്ടരുടെ ഐശ്വര്യം കണ്ടിട്ട് എനിക്ക് ആ അഹങ്കാരികളോട് അസൂയ തോന്നി.

4 അവർക്കു വേദനകളില്ല; അവർ അരോഗദൃഢഗാത്രരായിരിക്കുന്നു.

5 മറ്റുള്ളവരെപ്പോലെ അവർക്കു കഷ്ടതകളും പീഡനങ്ങളുമില്ല.

6 അതുകൊണ്ട് അവർ അഹങ്കാരം മാലയായി അണിയുന്നു. അക്രമം വസ്ത്രമായി ധരിക്കുന്നു.

7 മേദസ്സു മുറ്റിയ കണ്ണുകൾകൊണ്ട് അവർ അഹന്തയോടെ വീക്ഷിക്കുന്നു. അവരുടെ മനസ്സിലെ ദുഷ്ടവിചാരങ്ങൾക്ക് അന്തമില്ല.

8 അവർ പരിഹാസത്തോടും ദുഷ്ടതയോടുംകൂടി സംസാരിക്കുന്നു. അഹങ്കാരത്തോടെ അവർ ഭീഷണി മുഴക്കുന്നു.

9 അവർ ദൈവത്തിനെതിരെ സംസാരിക്കുന്നു. മനുഷ്യരുടെ ഇടയിൽ ദൂഷണം പറഞ്ഞു നടക്കുന്നു.

10 അതുകൊണ്ട് ജനം അവരിലേക്കു തിരിയുന്നു. അവരിൽ ഒരു കുറ്റവും കാണുന്നില്ല.

11 ദൈവം എങ്ങനെ അറിയും? അത്യുന്നതന് ഇത് എങ്ങനെ അറിയാൻ കഴിയും എന്ന് അവർ പറയുന്നു.

12 ഇങ്ങനെയുള്ളവരാണ് ദുഷ്ടന്മാർ; അവർ എന്നും സുഖലോലുപരായി കഴിയുന്നു. അവർ മേല്‌ക്കുമേൽ ധനം നേടുന്നു.

13 അങ്ങനെയെങ്കിൽ ഞാൻ നിർമ്മലനായി ജീവിച്ചതും നിഷ്കളങ്കതയിൽ കൈ കഴുകിയതും വെറുതെയായി.

14 ഞാൻ നിരന്തരം പീഡിപ്പിക്കപ്പെടുന്നു, പ്രഭാതംതോറും ദണ്ഡനമേല്‌ക്കുന്നു.

15 ഞാനും അവരെപ്പോലെ സംസാരിച്ചിരുന്നെങ്കിൽ, അവിടുത്തെ ജനത്തോട് അവിശ്വസ്തത കാട്ടുമായിരുന്നു.

16 ഇത് എങ്ങനെ ഗ്രഹിക്കുമെന്നു ചിന്തിച്ചിട്ടും, അത് എനിക്കു ദുസ്സാധ്യമായി.

17 എന്നാൽ, ഞാൻ ദൈവത്തിന്റെ മന്ദിരത്തിൽ ചെന്നപ്പോൾ, അവരുടെ അന്ത്യം എന്തെന്നു ഞാൻ ഗ്രഹിച്ചു.

18 അവിടുന്ന് അവരെ വഴുവഴുപ്പുള്ളിടത്തു നിർത്തുന്നു. വിനാശത്തിലേക്ക് അവരെ തള്ളിയിടുന്നു.

19 എത്ര പെട്ടെന്ന് അവർ നശിച്ചു. ഭീകരതകളാൽ അവർ നാമാവശേഷമായി.

20 ഉണരുമ്പോൾ മറന്നുപോകുന്ന സ്വപ്നം പോലെയാണവർ അവിടുന്ന് എഴുന്നേല്‌ക്കുമ്പോൾ അവർ വിസ്മരിക്കപ്പെടും.

21 എന്റെ ഹൃദയം വേദനിക്കയും എന്റെ മനസ്സ് വ്രണപ്പെടുകയും ചെയ്തപ്പോൾ,

22 ഞാൻ ഭോഷനും അജ്ഞനുമായിരുന്നു. അവിടുത്തെ മുമ്പിൽ ഞാൻ മൃഗത്തെപ്പോലെ ആയിരുന്നു.

23 എന്നിട്ടും ഞാൻ എപ്പോഴും അങ്ങയുടെ കൂടെ ആയിരുന്നു. അവിടുന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.

24 അവിടുന്ന് ഉപദേശം നല്‌കി എന്നെ വഴി നടത്തുന്നു. പിന്നീട് അവിടുന്ന് എന്നെ മഹത്ത്വം നല്‌കി സ്വീകരിക്കും.

25 സ്വർഗത്തിൽ അങ്ങല്ലാതെ എനിക്ക് ആരുള്ളൂ. ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

26 എന്റെ ശരീരവും മനസ്സും തളർന്നാലും ദൈവമാണെന്റെ ബലം. എന്നേക്കുമുള്ള എന്റെ ഓഹരിയും അവിടുന്നു തന്നെ.

27 അങ്ങയിൽനിന്ന് അകന്നു നില്‌ക്കുന്നവർ നശിച്ചുപോകും. അങ്ങയോട് അവിശ്വസ്തരായി വർത്തിക്കുന്നവരെ അവിടുന്നു സംഹരിക്കും.

28 ദൈവത്തോടു ചേർന്നു നില്‌ക്കുന്നത് എനിക്ക് എത്ര നല്ലത്. ദൈവമായ സർവേശ്വരനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു. അവിടുത്തെ സകല പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan