Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 72 - സത്യവേദപുസ്തകം C.L. (BSI)


രാജാവിനുവേണ്ടിയുള്ള പ്രാർഥന
ശലോമോന്റെ ഒരു സങ്കീർത്തനം

1 ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും അദ്ദേഹത്തിന് അങ്ങയുടെ ധർമനിഷ്ഠയും നല്‌കണമേ.

2 അങ്ങയുടെ ജനത്തെ അദ്ദേഹം ധർമനിഷ്ഠയോടെ ഭരിക്കട്ടെ. എളിയവരെ നീതിയോടെ പരിപാലിക്കട്ടെ.

3 നീതിനിഷ്ഠയാൽ, കുന്നുകളിലും മലകളിലും ഐശ്വര്യം പൊലിക്കട്ടെ.

4 എളിയവർക്കു രാജാവ് ന്യായം പാലിച്ചു കൊടുക്കട്ടെ. ദരിദ്രരെ അദ്ദേഹം രക്ഷിക്കട്ടെ; മർദകരെ തകർക്കുകയും ചെയ്യട്ടെ;

5 സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം രാജാവിന്റെ ഭരണം നിലനില്‌ക്കട്ടെ.

6 അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾക്ക് വെട്ടിയൊരുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും, ഭൂമിയെ നനയ്‍ക്കുന്ന വന്മഴ പോലെയും ആകട്ടെ.

7 അദ്ദേഹത്തിന്റെ ഭരണകാലത്ത് നീതി തഴച്ചുവളരട്ടെ. ചന്ദ്രനുള്ളിടത്തോളം കാലം ഐശ്വര്യം വിളയട്ടെ.

8 സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റംവരെയും അദ്ദേഹം ഭരിക്കട്ടെ.

9 ശത്രുക്കൾ അദ്ദേഹത്തിന്റെ മുമ്പിൽ തല കുനിക്കട്ടെ. അവർ അദ്ദേഹത്തിന്റെ പാദധൂളി രുചിക്കട്ടെ.

10 തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ അദ്ദേഹത്തിനു കപ്പം കൊടുക്കട്ടെ. ശെബയിലെയും സെബയിലെയും ഭരണാധികാരികൾ കാഴ്ചകൾ കൊണ്ടുവരട്ടെ.

11 എല്ലാ രാജാക്കന്മാരും അദ്ദേഹത്തെ നമിക്കട്ടെ. എല്ലാ ജനതകളും അദ്ദേഹത്തെ സേവിക്കട്ടെ.

12 അദ്ദേഹം നിലവിളിക്കുന്ന ദരിദ്രനെയും നിസ്സഹായനായ എളിയവനെയും വിടുവിക്കുന്നു.

13 ദരിദ്രനോടും ദുർബലനോടും അദ്ദേഹം കരുണ കാണിക്കും. ദരിദ്രരെ അദ്ദേഹം രക്ഷിക്കും.

14 പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ വിടുവിക്കും. അവരുടെ ജീവൻ അദ്ദേഹത്തിനു വിലയേറിയതായിരിക്കും.

15 അദ്ദേഹം നീണാൾ വാഴട്ടെ. ശെബയിലെ സ്വർണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങൾ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാർഥിക്കട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി എപ്പോഴും അവർ പ്രാർഥിക്കട്ടെ.

16 ദേശത്ത് ധാന്യസമൃദ്ധി ഉണ്ടാകട്ടെ, മലകളിൽ കതിർക്കുലകൾ വിളഞ്ഞുലയട്ടെ. അവയുടെ വിളവ് ലെബാനോൻ മലകളിലെപ്പോലെ സമൃദ്ധമാകട്ടെ! വയലിൽ പുല്ലു നിറഞ്ഞു നില്‌ക്കുന്നതുപോലെ നഗരങ്ങൾ ജനങ്ങളെക്കൊണ്ടു നിറയട്ടെ.

17 രാജാവിന്റെ നാമം എന്നും ജനങ്ങൾ സ്മരിക്കട്ടെ. സൂര്യനുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കീർത്തി നിലനില്‌ക്കട്ടെ. ജനതകൾ അദ്ദേഹം നിമിത്തം അനുഗ്രഹിക്കപ്പെടും. സർവജനതകളും അദ്ദേഹത്തെ ഭാഗ്യവാൻ എന്നു വിളിക്കും.

18 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്നു മാത്രമാണ് അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.

19 അവിടുത്തെ മഹത്ത്വമുള്ള നാമം എന്നും വാഴ്ത്തപ്പെടട്ടെ. ഭൂമി മുഴുവൻ അവിടുത്തെ മഹത്ത്വംകൊണ്ടു നിറയട്ടെ. ആമേൻ. ആമേൻ.

20 ഇശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ ഇവിടെ അവസാനിക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan