Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 7 - സത്യവേദപുസ്തകം C.L. (BSI)


നീതിക്കുവേണ്ടിയുള്ള പ്രാർഥന
ബെന്യാമീന്യനായ കൂശ് നിമിത്തം ദാവീദ് സർവേശ്വരനെ വിളിച്ചു പാടിയ വിലാപഗീതം

1 എന്റെ ദൈവമായ സർവേശ്വരാ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു. എന്നെ വേട്ടയാടുന്നവരിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കണമേ.

2 അല്ലെങ്കിൽ അവർ സിംഹത്തെപ്പോലെ എന്നെ പിച്ചിച്ചീന്തും. എന്നെ വലിച്ചിഴയ്‍ക്കും; രക്ഷിപ്പാൻ ആരും ഉണ്ടായിരിക്കുകയില്ല.

3 എന്റെ ദൈവമായ സർവേശ്വരാ, എന്റെ കരങ്ങൾ പാപപങ്കിലമാണെങ്കിൽ,

4 ഞാൻ എന്റെ സ്നേഹിതനെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, അകാരണമായി ശത്രുവിനെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ,

5 ശത്രു എന്നെ പിന്തുടർന്ന് പിടിച്ചു കൊള്ളട്ടെ. അവർ എന്നെ അടിച്ചുവീഴ്ത്തട്ടെ. എന്റെ മൃതശരീരം പൂഴിയിൽ ഉപേക്ഷിക്കട്ടെ.

6 സർവേശ്വരാ, ക്രോധത്തോടെ എഴുന്നേല്‌ക്കണമേ, കോപാകുലരായ എന്റെ ശത്രുക്കളെ നേരിടാൻ എഴുന്നേല്‌ക്കണമേ. എന്റെ ദൈവമേ, ഉണരുക. അവിടുന്ന് എല്ലാവർക്കും ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.

7 ജനതകൾ അവിടുത്തെ ചുറ്റും നിന്നു സേവിക്കട്ടെ സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്ന് എന്നെ ഭരിക്കട്ടെ.

8 സർവമനുഷ്യരെയും വിധിക്കുന്നത് അവിടുന്നല്ലോ. സർവേശ്വരാ, എന്റെ നീതിക്കും നിഷ്കളങ്കതയ്‍ക്കുമൊത്തവിധം എന്നെ വിധിച്ചാലും.

9 നീതിമാനായ ദൈവമേ, ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ, ദുർജനങ്ങളുടെ ദുഷ്ടതയ്‍ക്ക് അറുതിവരുത്തണമേ, നീതിമാന്മാർക്ക് ഐശ്വര്യം നല്‌കണമേ.

10 ദൈവമാണ് എന്റെ പരിച പരമാർഥഹൃദയമുള്ളവരെ അവിടുന്ന് രക്ഷിക്കുന്നു.

11 ദൈവം നീതിനിഷ്ഠനായ ന്യായാധിപൻ; അവിടുന്ന് ദിനംതോറും ദുഷ്ടന്മാരെ ഭർത്സിക്കുന്നു.

12 അവർ മനം തിരിയുന്നില്ലെങ്കിൽ, അവിടുന്ന് വാളിന് മൂർച്ചകൂട്ടും. അവിടുന്ന് വില്ലുകുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു.

13 അവിടുന്ന് മാരകായുധങ്ങൾ സജ്ജമാക്കിയിരിക്കുന്നു. ശരങ്ങൾ തീയമ്പുകളാക്കിയിരിക്കുന്നു.

14 ഇതാ ദുഷ്ടൻ തിന്മയെ ഗർഭം ധരിക്കുന്നു, അവൻ വഞ്ചനയെ ഉദരത്തിൽ വഹിച്ച് വ്യാജത്തെ പ്രസവിക്കുന്നു.

15 അവൻ കുഴി കുഴിച്ച് കെണിയൊരുക്കുന്നു. താൻ കുഴിച്ച കുഴിയിൽ അവൻതന്നെ വീഴുന്നു.

16 അവന്റെ ദുഷ്ടത അവന്റെ തലയിൽ പതിക്കുന്നു. അവന്റെ അക്രമം അവന്റെ നെറുകയിൽ നിപതിക്കുന്നു.

17 സർവേശ്വരനു ഞാൻ സ്തോത്രം അർപ്പിക്കും. അവിടുന്നു നീതി പ്രവർത്തിക്കുന്നുവല്ലോ, അത്യുന്നതനായ സർവേശ്വരനു ഞാൻ സ്തുതിഗീതമാലപിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan