Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 68 - സത്യവേദപുസ്തകം C.L. (BSI)


ദൈവത്തിന്റെ ശക്തിയും മഹത്ത്വവും
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം

1 ദൈവമേ, എഴുന്നേല്‌ക്കണമേ, അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ, ദൈവത്തെ ദ്വേഷിക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.

2 കാറ്റിൽപ്പെട്ട പുകപോലെ അവർ പാറിപ്പോകട്ടെ. തീയുടെ മുമ്പിൽ മെഴുകെന്നപോലെ ദുഷ്ടർ തിരുമുമ്പിൽ നശിക്കട്ടെ.

3 എന്നാൽ നീതിമാന്മാർ സന്തോഷിക്കട്ടെ, അവിടുത്തെ സന്നിധിയിൽ അവർ ആഹ്ലാദിക്കട്ടെ. അവർ ആനന്ദഭരിതരാകട്ടെ.

4 ദൈവത്തിനു സ്തുതി പാടുവിൻ, തിരുനാമത്തിനു സ്തുതിഗീതം ആലപിക്കുവിൻ. മേഘങ്ങളിൽ സഞ്ചരിക്കുന്നവന്, സ്തോത്രഗീതം ആലപിക്കുവിൻ. സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം, അവിടുത്തെ സന്നിധിയിൽ ആനന്ദിക്കുവിൻ.

5 വിശുദ്ധമന്ദിരത്തിൽ വസിക്കുന്ന ദൈവം, അനാഥർക്കു പിതാവും വിധവകൾക്കു സംരക്ഷകനും ആകുന്നു.

6 ഏകാകിക്ക് അവിടുന്നു കുടുംബം നല്‌കുന്നു. അവിടുന്നു ബന്ദികളെ സ്വതന്ത്രരാക്കി ഐശ്വര്യത്തിലേക്കു നയിക്കുന്നു. എന്നാൽ, ദൈവത്തോടു മത്സരിക്കുന്നവർ വരണ്ട ഭൂമിയിൽ പാർക്കും.

7 ദൈവമേ, അവിടുത്തെ ജനത്തെ അങ്ങു നയിച്ചപ്പോൾ, മരുഭൂമിയിലൂടെ അങ്ങ് അവരുടെ മുമ്പിൽ നടന്നപ്പോൾ,

8 ഇസ്രായേലിന്റെ ദൈവത്തിന്റെ സന്നിധിയിൽ, സീനായിയിലെ ദൈവത്തിന്റെ സാന്നിധ്യത്തിൽതന്നെ, ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു.

9 ദൈവമേ, അങ്ങു സമൃദ്ധമായി മഴ പെയ്യിച്ചു, അങ്ങയുടെ വാടിക്കരിഞ്ഞ ദേശത്തെ അവിടുന്നു പൂർവസ്ഥിതിയിലാക്കി.

10 അങ്ങയുടെ അജഗണം അവിടെ പാർത്തു. അവിടുത്തെ നന്മയാൽ എളിയവർക്കു വേണ്ടതെല്ലാം അവിടുന്നു നല്‌കി.

11 സർവേശ്വരൻ കല്പന നല്‌കുന്നു. വലിയൊരു ഗണം സ്‍ത്രീകൾ സുവാർത്ത അറിയിക്കുന്നു.

12-13 രാജാക്കന്മാർ സൈന്യങ്ങളോടൊപ്പം പലായനം ചെയ്യുന്നു. നിങ്ങൾ ആടുകളുടെ ആലയിൽ ഒളിച്ചിരിക്കുന്നുവോ? വീടുകളിലുള്ള സ്‍ത്രീകൾ കവർച്ചമുതൽ പങ്കിടുന്നു. ഇതാ, വെള്ളിച്ചിറകുകളും പൊൻതൂവലുകളുമുള്ള പ്രാവുകളുടെ രൂപങ്ങൾ.

14 സർവശക്തനായ ദൈവം രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോൻമലയിൽ ഹിമം പെയ്തു.

15 ഉത്തുംഗമായ ബാശാൻപർവതമേ, നിരവധി കൊടുമുടികളുള്ള പർവതമേ;

16 ദൈവം വസിക്കാൻ തിരഞ്ഞെടുത്ത പർവതത്തെ; നീ എന്തിന് അസൂയയോടെ നോക്കുന്നു? സർവേശ്വരൻ അവിടെ എന്നേക്കും വസിക്കും.

17 ശക്തിയേറിയ ബഹുസഹസ്രം രഥങ്ങളോടുകൂടെ; സർവേശ്വരൻ സീനായിയിൽനിന്ന് വിശുദ്ധസ്ഥലത്തേക്കു വന്നു.

18 അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു കയറി ബന്ദികളെ അവിടുന്നു കൂടെ കൊണ്ടുപോയി. അവിടുന്നു മനുഷ്യരിൽനിന്ന്, അങ്ങയോടു മത്സരിച്ചവരിൽ നിന്നുപോലും കാഴ്ചകൾ സ്വീകരിച്ചു. ദൈവമായ സർവേശ്വരൻ അവിടെ വസിക്കും,

19 ദിനംതോറും നമ്മുടെ ഭാരങ്ങളെ വഹിക്കുന്ന സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. നമ്മെ രക്ഷിക്കുന്നത് അവിടുന്നാണ്.

20 നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവമാകുന്നു. സർവശക്തനായ സർവേശ്വരനാണ് മരണത്തിൽനിന്നുള്ള മോചനം നല്‌കുന്നത്.

21 ദൈവം തന്റെ ശത്രുക്കളുടെ ശിരസ്സു തകർക്കും. ദുർമാർഗത്തിൽ ചരിക്കുന്നവരുടെ കേശാലംകൃതമായ ശിരസ്സുകൾ തന്നെ.

22 സർവേശ്വരൻ അരുളിച്ചെയ്തു: “ഞാൻ നിന്റെ ശത്രുക്കളെ ബാശാനിൽനിന്നു തിരിച്ചുകൊണ്ടുവരും. ആഴിയുടെ അടിത്തട്ടിൽനിന്നു ഞാൻ അവരെ മടക്കിവരുത്തും.

23 നിങ്ങളുടെ കാലുകൾ അവരുടെ രക്തത്തിൽ മുക്കുന്നതിനും നിങ്ങളുടെ നായ്‍ക്കൾ അതു നക്കിക്കുടിക്കുന്നതിനും തന്നെ.”

24 ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് അവർ കണ്ടു, എന്റെ രാജാവും എന്റെ ദൈവവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതു തന്നെ.

25 മുമ്പിൽ ഗായകരും പിമ്പിൽ വാദ്യക്കാരും നടുവിൽ തപ്പു കൊട്ടുന്ന കന്യകമാരും നടന്നു.

26 ആരാധകരുടെ മഹാസഭയിൽ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ. ഇസ്രായേലിന്റെ സന്തതികളേ, സർവേശ്വരനെ വാഴ്ത്തുവിൻ!

27 അവരിൽ ഏറ്റവും ചെറിയ ബെന്യാമീൻ ഗോത്രക്കാർ മുമ്പിലും, അവരുടെ പിമ്പിൽ യെഹൂദാപ്രഭുക്കന്മാരുടെ സംഘവും സെബൂലൂൻ, നഫ്താലി ഗോത്രപ്രഭുക്കന്മാർ അവരുടെ പിന്നിലുമായി നടന്നു.

28 ദൈവമേ, അവിടുത്തെ ശക്തി പ്രകടിപ്പിച്ചാലും; ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അവിടുത്തെ ശക്തി വെളിപ്പെടുത്തിയാലും.

29 യെരൂശലേമിലുള്ള അവിടുത്തെ ആലയത്തിലേക്ക്, അങ്ങേക്കുള്ള കാഴ്ചകളുമായി രാജാക്കന്മാർ വരുന്നു.

30 ഈജിപ്തിനെ ശാസിക്കണമേ, ഞാങ്ങണയുടെ ഇടയിൽ വസിക്കുന്ന ഹിംസ്രജന്തുവിനെതന്നെ. ജനതകളെ ശാസിക്കണമേ. പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്മാരെ തന്നെ. കപ്പം മോഹിക്കുന്ന ജനതകളെ ചവിട്ടി മെതിക്കണമേ യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ.

31 ഈജിപ്തിൽനിന്ന് ഓടു കൊണ്ടുവരട്ടെ; എത്യോപ്യക്കാർ ദൈവത്തിങ്കലേക്കു വേഗം കൈ നീട്ടട്ടെ.

32 ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു കീർത്തനം പാടുവിൻ.

33 ആകാശത്തിൽ, പുരാതനമായ സ്വർഗങ്ങളിൽ, സഞ്ചരിക്കുന്ന സർവേശ്വരനു സ്തുതി പാടുവിൻ. അവിടുത്തെ ഗംഭീരനാദം ശ്രദ്ധിക്കുക.

34 ദൈവം സർവശക്തനെന്നു പ്രഘോഷിക്കുവിൻ; അവിടുന്ന് ഇസ്രായേലിനെ ഭരിക്കുന്ന രാജാവാകുന്നു. അവിടുത്തെ ശക്തി ആകാശം വെളിപ്പെടുത്തുന്നു.

35 ഇസ്രായേലിന്റെ ദൈവം തന്റെ വിശുദ്ധമന്ദിരത്തിൽ ഭീതിദനാണ്. അവിടുന്നു തന്റെ ജനത്തിനു ശക്തിയും ബലവും നല്‌കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan