സങ്കീർത്തനങ്ങൾ 66 - സത്യവേദപുസ്തകം C.L. (BSI)സ്തോത്രഗാനം ഗായകസംഘനേതാവിന്; ഒരു സങ്കീർത്തനം 1 ഭൂവാസികളേ, ആഹ്ലാദംകൊണ്ട് ആർപ്പിട്ട് ദൈവത്തെ സ്തുതിക്കുവിൻ. 2 അവിടുത്തെ നാമത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ. സ്തുതികളർപ്പിച്ച് അവിടുത്തെ മഹത്ത്വപ്പെടുത്തുവിൻ. 3 അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം, അവിടുത്തെ ശക്തിപ്രഭാവത്താൽ ശത്രുക്കൾ തിരുമുമ്പിൽ കീഴടങ്ങുന്നു. 4 സർവഭൂവാസികളും അവിടുത്തെ ആരാധിക്കുന്നു. അവർ അങ്ങേക്കു സ്തോത്രം പറയുന്നു. തിരുനാമത്തിനു കീർത്തനം ആലപിക്കുന്നു. 5 ദൈവത്തിന്റെ പ്രവൃത്തികൾ വന്നുകാണുവിൻ. മനുഷ്യരുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം. 6 അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി. അവർ കാൽനടയായി നദി കടന്നു. അവിടെ ദൈവത്തിന്റെ പ്രവർത്തനങ്ങളിൽ നാം സന്തോഷിച്ചു. 7 അവിടുന്നു തന്റെ ശക്തിപ്രഭാവത്താൽ എന്നേക്കും വാഴുന്നു. അവിടുന്നു അന്യജനതകളെ സൂക്ഷിച്ചുനോക്കുന്നു. അവിടുത്തേക്ക് എതിരെ മത്സരിക്കുന്നവർ അഹങ്കരിക്കാതിരിക്കട്ടെ. 8 ജനതകളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ. അവിടുത്തെ സ്തുതിക്കുന്ന ശബ്ദം ഉയരട്ടെ. 9 അവിടുന്നു നമ്മെ ജീവനോടെ കാക്കുന്നു. നമ്മുടെ കാൽ വഴുതുവാൻ അവിടുന്നു സമ്മതിക്കുകയില്ല. 10 ദൈവമേ, അവിടുന്നു ഞങ്ങളെ പരീക്ഷിച്ചു, വെള്ളി ഉലയിൽ ഉരുക്കി ശുദ്ധീകരിക്കുന്നതുപോലെ അവിടുന്നു ഞങ്ങളെ പരിശോധിച്ചു. 11 അവിടുന്നു ഞങ്ങളെ കെണിയിൽ കുരുക്കി, ദുർവഹമായ ഭാരം ഞങ്ങളുടെ ചുമലിൽ വച്ചു. 12 ശത്രുക്കൾ ഞങ്ങളെ ചവിട്ടിമെതിക്കാൻ അവിടുന്ന് ഇടയാക്കി. തീയിലും വെള്ളത്തിലും കൂടി ഞങ്ങൾ കടക്കേണ്ടിവന്നു. എങ്കിലും ഇപ്പോൾ അവിടുന്നു ഞങ്ങൾക്ക് ഐശ്വര്യം നല്‌കിയിരിക്കുന്നു. 13 ഹോമയാഗങ്ങളുമായി ഞാൻ അങ്ങയുടെ ആലയത്തിൽ വരും; എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും. 14 എന്റെ കഷ്ടകാലത്ത് ഞാൻ നേർന്ന നേർച്ചകൾതന്നെ. 15 കൊഴുത്ത മൃഗങ്ങളെ ഞാൻ ഹോമയാഗമായി അർപ്പിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും യാഗം അർപ്പിക്കും. അവയുടെ ധൂമം ആകാശത്തിലേക്കുയരും. 16 ദൈവഭക്തരേ, വന്നു കേൾക്കുവിൻ, അവിടുന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. 17 ഞാൻ അവിടുത്തോടു നിലവിളിച്ചു, എന്റെ നാവുകൊണ്ട് ഞാൻ അവിടുത്തെ സ്തുതിച്ചു. 18 എന്റെ ഹൃദയത്തിൽ ദുഷ്ടത കുടികൊണ്ടിരുന്നെങ്കിൽ, സർവേശ്വരൻ എന്റെ പ്രാർഥന കേൾക്കുമായിരുന്നില്ല. 19 എന്നാൽ അവിടുന്ന് തീർച്ചയായും എന്റെ അപേക്ഷ കേട്ടിരിക്കുന്നു. എന്റെ പ്രാർഥന അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു. 20 ദൈവം വാഴ്ത്തപ്പെടട്ടെ. എന്റെ പ്രാർഥന അവിടുന്നു തള്ളിക്കളഞ്ഞില്ല. അവിടുത്തെ സുസ്ഥിരസ്നേഹം എന്നും എന്നോടു കാട്ടുകയും ചെയ്തു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India