Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 65 - സത്യവേദപുസ്തകം C.L. (BSI)


സ്തോത്രഗാനം
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം

1 ദൈവമേ, സീയോനിൽ വസിക്കുന്ന അങ്ങയെ സ്തുതിക്കുന്നത് ഉചിതമല്ലോ. അങ്ങേക്കുള്ള നേർച്ചകൾ ഞങ്ങൾ നിറവേറ്റും.

2 പ്രാർഥന കേൾക്കുന്ന ദൈവമേ, സർവമനുഷ്യരും തങ്ങളുടെ പാപഭാരവുമായി തിരുസന്നിധിയിൽ വരുന്നു.

3 ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങളെ കീഴടക്കുമ്പോൾ, അവിടുന്ന് അവ തുടച്ചുനീക്കുന്നു.

4 അവിടുത്തെ ആലയത്തിന്റെ അങ്കണത്തിൽ പാർക്കാൻ, അവിടുന്നു തിരഞ്ഞെടുത്തു കൊണ്ടുവന്ന ജനം അനുഗൃഹീതർ. ഞങ്ങൾ അവിടുത്തെ ആലയത്തിൽനിന്ന്, വിശുദ്ധമന്ദിരത്തിൽനിന്നു തന്നെ, ലഭിക്കുന്ന അനുഗ്രഹങ്ങൾകൊണ്ടു തൃപ്തരാകും.

5 ഞങ്ങളെ രക്ഷിക്കുന്ന ദൈവമേ, അവിടുന്നു ഞങ്ങൾക്കുവേണ്ടി അദ്ഭുതങ്ങൾ പ്രവർത്തിച്ചു. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളെ വിടുവിച്ചു. അവിടുന്നാണ് സർവഭൂമിയുടെയും വിദൂരത്തുള്ള സമുദ്രങ്ങളുടെയും പ്രത്യാശ.

6 അവിടുന്നു സ്വശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നു. അവിടുന്നു ശക്തി ധരിച്ചിരിക്കുന്നു.

7 ആഴിയുടെ മുഴക്കവും തിരമാലകളുടെ ഗർജനവും അവിടുന്നു ശമിപ്പിക്കുന്നു. വിജാതീയരുടെ കലഹം അവിടുന്ന് ഇല്ലാതാക്കുന്നു.

8 ഭൂമിയുടെ വിദൂരസീമകളിൽ വസിക്കുന്നവരും അവിടുത്തെ അദ്ഭുതപ്രവൃത്തികൾ കണ്ടു ഭയപ്പെടുന്നു. ഭൂമിയുടെ കിഴക്കുമുതൽ പടിഞ്ഞാറേ അറ്റം വരെയുള്ളവർ, അവിടുത്തെ പ്രവൃത്തികൾ കണ്ടു ഘോഷിച്ചുല്ലസിക്കുന്നു.

9 അവിടുന്നു മഴ പെയ്യിച്ച് ഭൂമിയെ പരിരക്ഷിക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു. അവിടുന്നു ഭൂമിയെ ഒരുക്കി അവർക്കു ധാന്യം നല്‌കുന്നു.

10 അവിടുന്നു സമൃദ്ധമായ മഴ നല്‌കി അതിന്റെ ഉഴവുചാലുകളെ നനയ്‍ക്കുന്നു. അവിടുന്നു കട്ട ഉടച്ചു നിരത്തുകയും മഴ പെയ്യിച്ച് അതിനെ കുതിർക്കുകയും ചെയ്യുന്നു. അവിടുന്നു ചെടികൾ മുളപ്പിച്ച് അതിനെ അനുഗ്രഹിക്കുന്നു.

11 സമൃദ്ധമായ വിളവുകൊണ്ട് അവിടുന്നു സംവത്സരത്തെ കിരീടം അണിയിക്കുന്നു. അവിടുന്നു കടന്നുപോകുന്ന പാതകളിലെല്ലാം സമൃദ്ധി വർഷിക്കുന്നു.

12 മരുഭൂമിയിലെ പുൽപ്പുറങ്ങൾ സമൃദ്ധിയായി വളരുന്നു. കുന്നുകൾ ആനന്ദമണിയുന്നു.

13 മേച്ചിൽപ്പുറങ്ങൾ ആട്ടിൻപറ്റങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്‌വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു. അവ സന്തോഷംകൊണ്ടു ഘോഷിച്ചുല്ലസിക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan