സങ്കീർത്തനങ്ങൾ 63 - സത്യവേദപുസ്തകം C.L. (BSI)ദൈവത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ ദാവീദിന്റെ സങ്കീർത്തനം; യെഹൂദാ മരുഭൂമിയിൽവച്ചു പാടിയത് 1 ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാൻ അങ്ങയെ അന്വേഷിക്കുന്നു. ഉണങ്ങിവരണ്ട ദേശത്തെന്നപോലെ ഞാൻ സർവാത്മനാ അങ്ങേക്കായി ദാഹിക്കുന്നു. അങ്ങയെ കാണാതെ ഞാൻ തളരുന്നു. 2 അങ്ങയുടെ ശക്തിയും മഹത്ത്വവും ദർശിക്കാൻ, വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ നോക്കുന്നു. 3 അങ്ങയുടെ അചഞ്ചലസ്നേഹം ജീവനെക്കാൾ അഭികാമ്യം. ഞാൻ അങ്ങയെ പ്രകീർത്തിക്കും. 4 എന്റെ ജീവിതകാലം മുഴുവൻ ഞാനങ്ങയെ വാഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയോടു പ്രാർഥിക്കും. 5 കിടക്കയിൽവച്ച് ഞാൻ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അങ്ങയെ ധ്യാനിക്കുകയും ചെയ്യുമ്പോൾ, 6 മൃഷ്ടാന്നഭോജനം കഴിച്ചവനെപ്പോലെ ഞാൻ തൃപ്തനാകുന്നു. ഞാൻ അങ്ങയെ ആനന്ദപൂർവം സ്തുതിക്കും. 7 അവിടുന്ന് എന്റെ സഹായകനാണല്ലോ; അവിടുത്തെ ചിറകിൻകീഴിൽ ഞാൻ ആനന്ദഗീതം പാടും. 8 ഞാൻ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു. 9 എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ, മരണഗർത്തത്തിൽ പതിക്കും. 10 അവർ വാളിന് ഇരയാകും, അവരുടെ മൃതശരീരങ്ങൾ കുറുനരികൾ ഭക്ഷിക്കും. 11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും; ദൈവനാമത്തിൽ സത്യം ചെയ്യുന്നവർ അവിടുത്തെ പുകഴ്ത്തും. വ്യാജം പറയുന്നവരുടെ വായ് അടഞ്ഞുപോകും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India