Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 62 - സത്യവേദപുസ്തകം C.L. (BSI)


അചഞ്ചലമായ വിശ്വാസം
ഗായകസംഘനേതാവിന്; യെദൂഥൂൻ രാഗത്തിൽ: ദാവീദിന്റെ സങ്കീർത്തനം.

1 ദൈവത്തിൽനിന്നു മാത്രമാണ് എനിക്ക് ആശ്വാസം ലഭിക്കുന്നത്; അവിടുന്നാണ് എനിക്കു രക്ഷ നല്‌കുന്നത്.

2 എന്റെ അഭയശിലയും എന്റെ രക്ഷയും എന്റെ കോട്ടയും അവിടുന്നു മാത്രമാണ്. ഞാൻ വളരെ കുലുങ്ങുകയില്ല.

3 ചാഞ്ഞുനില്‌ക്കുന്ന മതിലും ആടുന്ന വേലിയും പോലെയുള്ള ഒരുവനെ നശിപ്പിക്കാൻ എത്ര നാൾ നിങ്ങൾ അവനെ ആക്രമിക്കും?

4 ഔന്നത്യത്തിൽനിന്ന് അവനെ തള്ളിയിടാൻ മാത്രമാണു നിങ്ങൾ ആലോചിക്കുന്നത്. നിങ്ങൾ വ്യാജത്തിൽ സന്തോഷിക്കുന്നു. നിങ്ങൾ അധരംകൊണ്ട് അവനെ അനുഗ്രഹിക്കുന്നു. ഹൃദയംകൊണ്ടു ശപിക്കുന്നു.

5 എനിക്ക് ആശ്വാസം നല്‌കാൻ ദൈവത്തിനു മാത്രമേ കഴിയൂ, ഞാൻ ദൈവത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.

6 എന്റെ അഭയശിലയും എന്റെ രക്ഷയും എന്റെ കോട്ടയും അവിടുന്നു മാത്രമാണ്; ഞാൻ കുലുങ്ങുകയില്ല.

7 എനിക്കു രക്ഷയും ആയുസ്സും നല്‌കുന്നതു ദൈവമാണ്. അവിടുന്നാണ് എന്റെ ഉറപ്പുള്ള രക്ഷാശിലയും അഭയവും.

8 എന്റെ ജനമേ, എന്നും ദൈവത്തിൽ ശരണപ്പെടുവിൻ, നിങ്ങളുടെ ഹൃദയം അവിടുത്തെ സന്നിധിയിൽ പകരുവിൻ. അവിടുന്നാണ് നമ്മുടെ അഭയസങ്കേതം.

9 മനുഷ്യൻ ഒരു ശ്വാസംമാത്രം. വലിയവനും ചെറിയവനും ഒരുപോലെ നിസ്സാരന്മാരാണ്. തുലാസ്സിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ എല്ലാവരും ചേർന്നാലും ഒരു ശ്വാസത്തെക്കാൾ ലഘുവത്രേ.

10 അക്രമത്തിലും ഭീഷണിയിലും ആശ്രയിക്കരുത്. കവർച്ചയിൽ ആശവയ്‍ക്കുന്നതു വ്യർഥമാണ്. സമ്പത്തു വർധിച്ചാൽ നിങ്ങൾ അതിൽ ആശ്രയിക്കരുത്.

11 “ശക്തി എനിക്കുള്ളതാണ്” എന്നു ദൈവം പറഞ്ഞു. “സുസ്ഥിര സ്നേഹവും എൻറേതുതന്നെ” എന്ന് അവിടുന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

12 നാഥാ, അവിടുന്നു മനുഷ്യന് അവന്റെ പ്രവൃത്തിക്കു തക്ക പ്രതിഫലം നല്‌കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan