Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 60 - സത്യവേദപുസ്തകം C.L. (BSI)


പരാജയത്തിനു ശേഷമുള്ള പ്രാർഥന
ഗായകസംഘനേതാവിന്; സാക്ഷ്യസാരസം എന്ന രാഗത്തിൽ, ദാവീദിന്റെ ഒരു പ്രബോധനഗീതം. യോവാബ് മെസൊപ്പൊത്താമ്യയിലെയും സോബയിലെയും സിറിയാക്കാരോടു യുദ്ധം ചെയ്യുകയും മടക്കയാത്രയിൽ പന്തീരായിരം എദോമ്യരെ ഉപ്പുതാഴ്‌വരയിൽവച്ച് വധിക്കുകയും ചെയ്തപ്പോൾ പാടിയത്.

1 ദൈവമേ, അവിടുന്നു ഞങ്ങളെ പരിത്യജിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രതിരോധനിര തകർത്തിരിക്കുന്നു. അവിടുന്ന് ഞങ്ങളോടു കോപിച്ചിരിക്കുന്നു. നാഥാ, ഞങ്ങളെ പുനഃസ്ഥാപിക്കണമേ.

2 അവിടുന്നു ദേശത്തെ വിറപ്പിച്ചു; അവിടുന്ന് അതിനെ പിളർന്നിരിക്കുന്നു. അതു തകർന്നുവീഴാറായിരിക്കുന്നു. അതിന്റെ വിള്ളലുകൾ അടയ്‍ക്കണമേ.

3 അവിടുന്നു സ്വജനത്തെ കഠിനദുരിതത്തിന് ഇരയാക്കി, അവിടുന്നു ഞങ്ങൾക്കു പരിഭ്രാന്തിയുടെ വീഞ്ഞു പകർന്നുതന്നു.

4 ശത്രുവിന്റെ വില്ലിൽനിന്നു രക്ഷപെടാൻ തന്റെ ഭക്തർക്ക് അടയാളമായി, അവിടുന്ന് ഒരു കൊടി ഉയർത്തിയിരിക്കുന്നു.

5 അവിടുത്തെ വലങ്കൈയാൽ ഞങ്ങളെ രക്ഷിക്കണമേ; ഞങ്ങളുടെ പ്രാർഥനയ്‍ക്ക് ഉത്തരം അരുളിയാലും; അങ്ങനെ അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ.

6 ദൈവം അവിടുത്തെ വിശുദ്ധമന്ദിരത്തിൽനിന്ന് അരുളിച്ചെയ്തിരിക്കുന്നു. വിജയാഹ്ലാദത്തോടെ ഞാൻ ശെഖേം പട്ടണം വിഭജിക്കും. സുക്കോത്ത് താഴ്‌വര എന്റെ ജനത്തിനു ഞാൻ അളന്നുകൊടുക്കും.

7 ഗിലെയാദുദേശം എൻറേതാണ്. മനശ്ശെയും എനിക്കുള്ളത്. എഫ്രയീം എന്റെ പടത്തൊപ്പിയും യെഹൂദാ എന്റെ ചെങ്കോലുമാണ്.

8 മോവാബ് എന്റെ ക്ഷാളനപാത്രം, എദോമിന്മേൽ ഞാൻ എന്റെ ചെരുപ്പെറിയും. ഫെലിസ്ത്യദേശത്തിന്റെമേൽ ഞാൻ ജയഘോഷംകൊള്ളും.

9 ദൈവമേ, കോട്ട കെട്ടി ഉറപ്പിച്ച നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും? എദോമിലേക്ക് ആരെന്നെ നയിക്കും?

10 ദൈവമേ, അവിടുന്നു ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നുവോ? അവിടുന്നു ഞങ്ങളുടെ സൈന്യങ്ങളോടുകൂടി വരുന്നില്ലല്ലോ.

11 ശത്രുവിനെ നേരിടുന്നതിനു ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്റെ സഹായം വ്യർഥമാണല്ലോ.

12 ദൈവത്തോടൊത്തു ഞങ്ങൾ സുധീരം പോരാടും, അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടിമെതിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan