സങ്കീർത്തനങ്ങൾ 6 - സത്യവേദപുസ്തകം C.L. (BSI)ഒരു വിലാപം ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, അഷ്ടമരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം 1 സർവേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. 2 പരമനാഥാ, ഞാൻ തളർന്നിരിക്കുന്നു. എന്നോടു കരുണയുണ്ടാകണമേ. നാഥാ, എന്റെ അസ്ഥികൾപോലും ഉലഞ്ഞിരിക്കുന്നു. എനിക്കു സൗഖ്യമരുളണമേ. 3 സർവേശ്വരാ, എന്റെ ആത്മാവും അസ്വസ്ഥമായിരിക്കുന്നു; എത്രനാൾ അങ്ങ് അകന്നുനില്‌ക്കും? 4 പരമനാഥാ, എന്നെ കടാക്ഷിച്ച് എന്റെ പ്രാണനെ രക്ഷിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ വിടുവിക്കണമേ. 5 മൃതലോകത്തിൽ ആർ അങ്ങയെ അനുസ്മരിക്കും? പാതാളത്തിൽ ആർ അങ്ങയെ സ്തുതിക്കും? 6 കരഞ്ഞു കരഞ്ഞ് ഞാൻ തളർന്നിരിക്കുന്നു. രാത്രിതോറും കണ്ണീർ ഒഴുകി എന്റെ കിടക്ക നനയുന്നു. എന്റെ തലയണ കണ്ണീരിൽ കുതിരുന്നു. 7 ദുഃഖംകൊണ്ട് എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു. ശത്രുക്കൾ നിമിത്തം അവ കരഞ്ഞു തളർന്നിരിക്കുന്നു. 8 അധർമികളേ, എന്നിൽനിന്ന് അകന്നു പോകുവിൻ. എന്റെ നിലവിളി സർവേശ്വരൻ കേട്ടിരിക്കുന്നു. 9 അവിടുന്ന് എന്റെ യാചന കേൾക്കുന്നു; എന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളുന്നു. 10 എന്റെ ശത്രുക്കൾ ലജ്ജിച്ചുപോകും; അവർ പരിഭ്രാന്തരാകും. അവർക്ക് നാണിച്ചു പിന്തിരിയേണ്ടിവരും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India