സങ്കീർത്തനങ്ങൾ 57 - സത്യവേദപുസ്തകം C.L. (BSI)ദൈവത്തിൽ അഭയം തേടുന്നു ഗായകസംഘ നേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ ദാവീദിന്റെ ഗീതം. ശൗലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോൾ ഗുഹയിൽ വച്ചു പാടിയത്. 1 എന്നോടു കരുണയുണ്ടാകണമേ, ദൈവമേ, എന്നോടു കരുണയുണ്ടാകണമേ. അങ്ങയിൽ ഞാൻ അഭയംതേടുന്നു. വിനാശത്തിന്റെ കൊടുങ്കാറ്റു ശമിക്കുവോളം ഞാൻ അവിടുത്തെ ചിറകിൻകീഴിൽ അഭയം പ്രാപിക്കുന്നു. 2 അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു. എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ദൈവത്തെതന്നെ; 3 അവിടുന്ന് സ്വർഗത്തിൽനിന്ന് ഉത്തരമരുളി എന്നെ രക്ഷിക്കും. എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും. ദൈവം അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നോടു കാട്ടും. 4 മനുഷ്യരെ ആർത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാൻ. അവരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്. അവരുടെ നാവുകൾ മൂർച്ചയുള്ള വാളുകളാണ്. 5 ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ. അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. 6 എന്റെ ശത്രുക്കൾ എന്നെ പിടിക്കാൻ വലവിരിച്ചു. എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു. അവർ എന്റെ വഴിയിൽ കുഴി കുഴിച്ചു. എന്നാൽ അവർതന്നെ അതിൽ വീണു. 7 എന്റെ മനസ്സ് ഉറച്ചിരിക്കുന്നു. ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു. ഞാൻ അങ്ങയെ പാടി സ്തുതിക്കും. 8 എന്റെ ആത്മാവേ, ഉണരുക. വീണാനാദവും കിന്നരധ്വനിയും ഉയരട്ടെ. ഞാൻ അതിരാവിലെ ഉണരും. 9 സർവേശ്വരാ, ജനതകളുടെ മധ്യേ ഞാൻ അങ്ങയെ വാഴ്ത്തും. ജാതികളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും. 10 അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തോളവും അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും ഉന്നതമാണ്. 11 ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ. അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India