Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 56 - സത്യവേദപുസ്തകം C.L. (BSI)


ഞാൻ ദൈവത്തിലാശ്രയിക്കും
ഗായകസംഘനേതാവിന്; വിദൂരതയിലെ മിണ്ടാപ്രാവ് എന്ന രാഗത്തിൽ; ദാവീദിന്റെ ഗീതം. ഗത്തിൽവച്ചു ഫെലിസ്ത്യർ പിടികൂടിയപ്പോൾ പാടിയത്.

1 ദൈവമേ, എന്നോടു കരുണയുണ്ടാകണമേ; മനുഷ്യർ എന്നെ ചവിട്ടിമെതിക്കുന്നു. എന്റെ ശത്രുക്കൾ എന്നെ നിരന്തരം പീഡിപ്പിക്കുന്നു.

2 ശത്രുക്കൾ എപ്പോഴും എന്നെ ചവിട്ടി മെതിക്കുന്നു. എന്നോടു ഗർവോടെ പോരാടുന്നവർ അസംഖ്യമാണല്ലോ.

3 ഭയം ബാധിക്കുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

4 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ഞാൻ അവിടുത്തെ വചനത്തെ പ്രകീർത്തിക്കും. മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?

5 ശത്രുക്കൾ എപ്പോഴും എന്നെ ദ്രോഹിക്കുന്നു. എന്നെ എങ്ങനെ ഉപദ്രവിക്കാമെന്നാണ് എപ്പോഴും അവരുടെ ചിന്ത.

6 അവർ കൂട്ടം കൂടി പതിയിരിക്കുന്നു. എന്റെ എല്ലാ നീക്കങ്ങളും അവർ നിരീക്ഷിക്കുന്നു. എന്നെ അപായപ്പെടുത്താൻ അവർ തക്കംനോക്കുന്നു.

7 ഇത്ര വളരെ അനീതി ചെയ്തിട്ടും അവർ രക്ഷപെടുമോ? ദൈവമേ, രോഷത്തോടെ അവരെ തകർക്കണമേ.

8 എന്റെ ദുരിതങ്ങൾ അവിടുന്ന് എണ്ണിയിട്ടുണ്ട്. എന്റെ കണ്ണുനീർ അവിടുത്തെ തുരുത്തിയിൽ സംഭരിച്ചിട്ടുണ്ട്. അവയുടെ കണക്ക് അങ്ങയുടെ പുസ്തകത്തിൽ ഉണ്ടല്ലോ?

9 ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ, എന്റെ ശത്രുക്കൾ പിന്തിരിയും, ദൈവം എന്റെ പക്ഷത്താണെന്ന് എനിക്കറിയാം.

10 ഞാൻ ദൈവത്തിന്റെ വചനം പ്രകീർത്തിക്കുന്നു, അതേ, ഞാൻ സർവേശ്വരന്റെ വചസ്സുകളെ പ്രകീർത്തിക്കുന്നു.

11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?

12 ദൈവമേ, ഞാൻ അങ്ങേക്കുള്ള നേർച്ചകൾ നിറവേറ്റും, ഞാൻ അവിടുത്തേക്കു സ്തോത്രയാഗം അർപ്പിക്കും.

13 അവിടുന്ന് എന്റെ ജീവനെ മരണത്തിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ. അതുകൊണ്ടു ഞാൻ തിരുസന്നിധിയിൽ ജീവന്റെ പ്രകാശത്തിൽതന്നെ നടക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan