സങ്കീർത്തനങ്ങൾ 52 - സത്യവേദപുസ്തകം C.L. (BSI)ദുർജനത്തിനു മുന്നറിയിപ്പ് ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു ഗീതം. ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ ചെന്നെന്ന് എദോമ്യനായ ദോവേഗ് ശൗലിനോടു പറഞ്ഞപ്പോൾ പാടിയത്. 1 ബലവാനായ മനുഷ്യാ, ദൈവഭക്തർക്കെതിരെ ചെയ്ത ദുഷ്ടതയിൽ നീ അഭിമാനം കൊള്ളുന്നുവോ? 2 നീ നിരന്തരം വിനാശം നിരൂപിക്കുന്നു, വഞ്ചകാ, നിന്റെ നാവ് മൂർച്ചയുള്ള ക്ഷൗരക്കത്തിയാണ്. 3 നിനക്കു നന്മയെക്കാൾ തിന്മയും സത്യത്തെക്കാൾ വ്യാജവുമാണ് ഇഷ്ടം. 4 വഞ്ചന നിറഞ്ഞ മനുഷ്യാ, വിനാശകരമായ വാക്കുകളാണ് നിനക്കു പ്രിയം. 5 ദൈവം നിന്നെ എന്നേക്കുമായി നശിപ്പിക്കും, നിന്റെ കൂടാരത്തിൽനിന്ന് അവിടുന്നു നിന്നെ പറിച്ചെറിയും. ജീവിക്കുന്നവരുടെ ദേശത്തുനിന്നു നിന്നെ വേരോടെ പിഴുതുകളയും. 6 നീതിമാന്മാർ അതു കണ്ടു ഭയപ്പെടും; അവർ അവനെ പരിഹസിച്ച് ഇങ്ങനെ പറയും: 7 “ഇതാ, ദൈവത്തിൽ ശരണം വയ്‍ക്കാതെ ധനസമൃദ്ധിയിൽ മദിച്ച്, സമ്പത്തിൽ അഭയം തേടിയവൻ.” 8 ദൈവത്തിന്റെ മന്ദിരത്തിൽ തഴച്ചു വളരുന്ന ഒലിവുവൃക്ഷം പോലെയാണ് ഞാൻ. അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നും ആശ്രയിക്കുന്നു. 9 അവിടുത്തെ പ്രവൃത്തികളെ ഓർത്ത് ഞാൻ എപ്പോഴും സ്തോത്രം അർപ്പിക്കും. അങ്ങയിൽ ഞാൻ പ്രത്യാശ വയ്‍ക്കും; അവിടുത്തെ ഭക്തന്മാരുടെ മുമ്പിൽ തിരുനാമം ഘോഷിക്കും; അത് ഉചിതമല്ലോ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India