Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 50 - സത്യവേദപുസ്തകം C.L. (BSI)


യഥാർഥമായ ആരാധന
ആസാഫിന്റെ ഒരു സങ്കീർത്തനം

1 സർവശക്തൻ, സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു, കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.

2 സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.

3 നമ്മുടെ ദൈവം വരുന്നു, അവിടുന്നു നിശ്ശബ്ദനായിട്ടല്ല വരുന്നത്. അവിടുത്തെ മുമ്പിൽ സംഹാരാഗ്നിയുണ്ട്. അവിടുത്തെ ചുറ്റും ശക്തമായ കൊടുങ്കാറ്റ് വീശുന്നു.

4 സ്വജനത്തെ ന്യായം വിധിക്കുന്നതു കാണാൻ, അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

5 “യാഗാർപ്പണത്തിലൂടെ എന്നോട് ഉടമ്പടി ചെയ്ത, എന്റെ ഭക്തന്മാരെ എന്റെ അടുക്കൽ വിളിച്ചു കൂട്ടുവിൻ.”

6 ആകാശം ദൈവത്തിന്റെ നീതി വിളംബരം ചെയ്യുന്നു, അവിടുന്നു തന്നെയാണ് ന്യായാധിപതി.

7 എന്റെ ജനമേ, ശ്രദ്ധിക്കുക, ഞാൻ ഇതാ സംസാരിക്കുന്നു. ഇസ്രായേലേ, ഞാൻ നിനക്കെതിരെ സാക്ഷ്യം നല്‌കും. ഞാൻ ദൈവമാണ്; നിന്റെ ദൈവം.

8 നിന്റെ യാഗങ്ങളെച്ചൊല്ലി ഞാൻ നിന്നെ ശകാരിച്ചില്ല. നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പിലുണ്ട്.

9 നിന്റെ കാളയെയോ നിന്റെ ആട്ടിൻപറ്റത്തിൽ നിന്നു കോലാട്ടുകൊറ്റനെയോ എനിക്കാവശ്യമില്ല.

10 കാട്ടിലെ സകല മൃഗങ്ങളും കുന്നുകളിൽ മേയുന്ന ആയിരമായിരം ആടുമാടുകളും എൻറേതാണ്.

11 ആകാശത്തിലെ പക്ഷികൾ എനിക്കുള്ളവയാണ്; വയലിൽ സഞ്ചരിക്കുന്നവയെല്ലാം എൻറേതാണ്.

12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറയുകയില്ല. ലോകവും അതിലുള്ള സമസ്തവും എൻറേതാണല്ലോ.

13 ഞാൻ കാളയുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്റെ രക്തം കുടിക്കുമോ?

14 സ്തോത്രം ആയിരിക്കട്ടെ നീ ദൈവത്തിന് അർപ്പിക്കുന്ന യാഗം. അത്യുന്നതനു നിന്റെ നേർച്ചകൾ അർപ്പിക്കുക.

15 കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ രക്ഷിക്കും, നീ എന്നെ പ്രകീർത്തിക്കുകയും ചെയ്യും.

16 എന്നാൽ ദുഷ്ടനോടു ദൈവം പറയുന്നു: എന്റെ കല്പനകൾ ഉരുവിടുന്നതെന്ത്? എന്റെ ഉടമ്പടിയെക്കുറിച്ചു സംസാരിക്കുന്നതെന്ത്?

17 നീ എന്റെ ശിക്ഷണം വെറുക്കുന്നു, എന്റെ വചനം നീ പരിത്യജിക്കുന്നു.

18 കള്ളനെ കണ്ടാൽ നീ അവനോടു കൂട്ടുകൂടുന്നു. വ്യഭിചാരികളോടു നീ പങ്കുചേരുന്നു.

19 നിന്റെ അധരത്തിൽ തിന്മ വിളയാടുന്നു, നിന്റെ നാവു വഞ്ചനയ്‍ക്കു രൂപം നല്‌കുന്നു.

20 സഹോദരനെതിരെ നീ സംസാരിച്ചു കൊണ്ടിരിക്കുന്നു. സ്വന്തം സഹോദരനെതിരെ നീ അപവാദം പറയുന്നു.

21 നീ ഇതെല്ലാം ചെയ്യുമ്പോൾ ഞാൻ മൗനമായിരിക്കണമോ? നിന്നെപ്പോലെയാണ് ഞാനും എന്നു നീ കരുതുന്നുവോ? ഇപ്പോൾ ഞാൻ നിന്നെ ശാസിക്കുന്നു, നിന്റെ കുറ്റങ്ങൾ നിന്റെ മുമ്പിൽ നിരത്തിവയ്‍ക്കുന്നു.

22 ദൈവത്തെ മറക്കുന്നവരേ, ഇതു ശ്രദ്ധിക്കുക, അല്ലെങ്കിൽ ഞാൻ നിങ്ങളെ നശിപ്പിക്കും. രക്ഷിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല.

23 സ്തോത്രയാഗം അർപ്പിക്കുന്നവൻ എന്നെ ആദരിക്കുന്നു. നേരായ മാർഗത്തിൽ ചരിക്കുന്നവന് ഞാൻ എന്റെ രക്ഷ കാണിച്ചുകൊടുക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan