Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 49 - സത്യവേദപുസ്തകം C.L. (BSI)


ധനത്തിന്റെ നശ്വരത
ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീർത്തനം

1 ജനതകളേ കേൾക്കുവിൻ, ഭൂവാസികളേ ശ്രദ്ധിക്കുവിൻ.

2 താണവരും ഉയർന്നവരും ധനികരും ദരിദ്രരും ഒരുപോലെ ചെവികൊടുക്കുവിൻ.

3 ഞാൻ ജ്ഞാനം പ്രഘോഷിക്കും. എന്റെ ഹൃദയവിചാരങ്ങൾ വിവേകം നിറഞ്ഞതായിരിക്കും.

4 സുഭാഷിതം ഞാൻ ശ്രദ്ധിക്കും; കിന്നരം മീട്ടിക്കൊണ്ട് എന്റെ കടങ്കഥയുടെ പൊരുൾ ഞാൻ വിവരിക്കും.

5 വഞ്ചകരായ ശത്രുക്കൾ എന്നെ വലയം ചെയ്യുന്ന അനർഥകാലത്തു ഞാൻ ഭയപ്പെടുകയില്ല.

6 അവർ തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നു. ധനസമൃദ്ധിയിൽ അവർ അഹങ്കരിക്കുന്നു.

7 തന്നെത്തന്നെ വീണ്ടെടുക്കാനോ, സ്വജീവന്റെ വില ദൈവത്തിനു കൊടുക്കാനോ, ആർക്കും കഴിയുകയില്ല.

8-9 എന്നേക്കും ജീവിക്കാനോ, പാതാളം കാണാതിരിക്കാനോ ആർക്കും കഴിയുകയില്ല. മനുഷ്യന്റെ വീണ്ടെടുപ്പുവില അത്ര വലുതാണ്. എത്ര കൊടുത്താലും അതു മതിയാകയില്ല.

10 മടയനും മൂഢനും മാത്രമല്ല ജ്ഞാനിയും മരിക്കുമെന്നും; തങ്ങളുടെ സമ്പത്ത് അവർ മറ്റുള്ളവർക്കായി ഉപേക്ഷിച്ചുപോകുന്നു എന്നും അവർ കാണും.

11 ദേശങ്ങൾ സ്വന്തപേരിലാക്കിയാലും ശവക്കുഴിയാണ് അവരുടെ നിത്യവസതി. തലമുറകളോളം അവരുടെ വാസസ്ഥലം

12 മനുഷ്യനു പ്രതാപൈശ്വര്യത്തിൽ നിലനില്‌ക്കാൻ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.

13 വിവേകശൂന്യമായ ആത്മവിശ്വാസം പുലർത്തുന്നവരുടെ ഗതി ഇതാണ്; ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ.

14 കൊല്ലാനുള്ള ആടുകളെപ്പോലെ അവർ മരണത്തിനു വിധിക്കപ്പെട്ടവരാണ്. മൃത്യുവാണ് അവരുടെ ഇടയൻ. നീതിമാന്മാർ അവരുടെമേൽ വിജയം നേടും, അവരുടെ രൂപസൗന്ദര്യം ജീർണതയടയും. പാതാളമായിരിക്കും അവരുടെ പാർപ്പിടം.

15 എന്നാൽ ദൈവം എന്നെ പാതാളത്തിൽ നിന്നു വീണ്ടെടുക്കും; അവിടുന്നെന്നെ സ്വീകരിക്കും.

16 ഒരുവൻ സമ്പന്നനായാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ അസ്വസ്ഥനാകരുത്.

17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല. അവന്റെ മഹത്ത്വം അവനെ പിന്തുടരുകയില്ല.

18 ഐഹിക ജീവിതകാലത്തു താൻ ഭാഗ്യവാനാണെന്നു ഒരുവൻ കരുതിയാലും അവന്റെ ഐശ്വര്യത്തിൽ അന്യർ പ്രശംസിച്ചാലും;

19 അവൻ മരിച്ചു തന്റെ പിതാക്കന്മാരോടു ചേരും. അവൻ എന്നും അന്ധകാരത്തിൽ വസിക്കും.

20 മനുഷ്യനു തന്റെ പ്രതാപത്തിലും ധനത്തിലും നിലനില്‌ക്കാൻ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവൻ നശിച്ചുപോകും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan