Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 48 - സത്യവേദപുസ്തകം C.L. (BSI)


സീയോൻ-ദൈവത്തിന്റെ നഗരം
ഒരു ഗാനം; കോരഹ്പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 സർവേശ്വരൻ വലിയവനാണ്, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അവിടുന്ന് അത്യന്തം സ്തുത്യനുമാണ്.

2 ഉയർന്ന മനോഹരമായ അവിടുത്തെ വിശുദ്ധഗിരി, സർവലോകത്തിനും സന്തോഷം പകരുന്നു. അത്യുത്തരഗിരിയായ സീയോൻ മഹാരാജാവിന്റെ നഗരമാണ്.

3 അതിന്റെ കോട്ടകൾക്കുള്ളിൽ, ദൈവം ഇളകാത്ത രക്ഷാസങ്കേതമായി വെളിപ്പെട്ടിരിക്കുന്നു.

4 ഇതാ, രാജാക്കന്മാർ ഒരുമിച്ചുകൂടി, നഗരത്തെ ആക്രമിക്കാൻ വന്നു.

5 അവർ സീയോനെ കണ്ട് അമ്പരന്നു. അവർ പരിഭ്രാന്തരായി ഓടിപ്പോയി.

6 അവർ ഭയവിഹ്വലരായി, ഈറ്റുനോവിനൊത്ത വേദന അവർക്കുണ്ടായി.

7 കിഴക്കൻകാറ്റിൽപ്പെട്ട് ആടിയുലയുന്ന തർശീശ് കപ്പലുകളിലെ നാവികരെപ്പോലെ അവർ ഭയന്നുവിറച്ചു.

8 സർവശക്തനായ ദൈവത്തിന്റെ നഗരത്തിൽ, നമ്മുടെ ദൈവം എന്നെന്നേക്കുമായി സ്ഥാപിച്ച സ്വന്ത നഗരത്തിൽതന്നെ, സംഭവിച്ചതായി കേട്ട കാര്യങ്ങളെല്ലാം ഇപ്പോൾ നാം നേരിൽ കണ്ടിരിക്കുന്നു.

9 ദൈവമേ, അവിടുത്തെ ആലയത്തിൽവച്ച്, അങ്ങയുടെ ശാശ്വതസ്നേഹത്തെ ഞങ്ങൾ ധ്യാനിച്ചു.

10 ദൈവമേ, അവിടുത്തെ കീർത്തിക്കൊത്ത്, അവിടുത്തെ സ്തുതികളും ഭൂമിയുടെ അതിർത്തിയോളം എത്തുന്നു. അവിടുത്തെ വലങ്കൈ വിജയം നിറഞ്ഞതാണ്.

11 അവിടുത്തെ ന്യായവിധികൾ മൂലം സീയോനിലെ ജനം സന്തോഷിക്കട്ടെ. അങ്ങയുടെ വിധികൾ നിമിത്തം യെഹൂദാ നിവാസികൾ ആനന്ദിക്കട്ടെ.

12 ദൈവജനമേ, സീയോനു ചുറ്റും നടന്ന് അതിന്റെ ഗോപുരങ്ങളെ എണ്ണുക.

13-14 അതിന്റെ കോട്ടകളും കൊത്തളങ്ങളും പരിശോധിക്കുക. “ഈ ദൈവം എന്നേക്കും നമ്മുടെ ദൈവം, അവിടുന്നു നമ്മെ എന്നും വഴിനടത്തും” എന്നു വരുംതലമുറയോടു പറയാൻ വേണ്ടിയാണിത്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan