സങ്കീർത്തനങ്ങൾ 47 - സത്യവേദപുസ്തകം C.L. (BSI)പരമാധികാരിയായ സർവേശ്വരൻ ഗായകസംഘ നേതാവിന്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 1 ജനതകളേ, കരഘോഷം ഉയർത്തുവിൻ, ദൈവസന്നിധിയിൽ ആഹ്ലാദാരവം മുഴക്കുവിൻ. 2 അത്യുന്നതനായ സർവേശ്വരൻ ഭീതിദനാകുന്നു. അവിടുന്നു സർവലോകത്തിന്റെയും രാജാവാകുന്നു. 3 അവിടുന്നു ജനതകളുടെമേൽ നമുക്കു വിജയം നല്‌കി. രാജ്യങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി. 4 അവിടുന്നു നമ്മുടെ അവകാശഭൂമി തിരഞ്ഞെടുത്തു തന്നു. അവിടുന്നു സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനകരമായ അവകാശംതന്നെ. 5 ദൈവം ജയഘോഷത്തോടും സർവേശ്വരൻ കാഹളനാദത്തോടും ആരോഹണം ചെയ്തിരിക്കുന്നു. 6 ദൈവത്തിനു സ്തുതി പാടുക, സ്തുതി പാടുക. നമ്മുടെ രാജാവിന് സ്തുതി പാടുക സ്തുതി പാടുക. 7 ദൈവം സർവഭൂമിയുടെയും രാജാവാകുന്നു. സങ്കീർത്തനം പാടി അവിടുത്തെ സ്തുതിക്കുവിൻ. 8 ദൈവം വിശുദ്ധ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്നു. അവിടുന്നു ജനതകളെ ഭരിക്കുന്നു. 9 അബ്രഹാമിന്റെ ദൈവത്തിന്റെ ജനത്തോടൊത്തു ജനതകളുടെ അധിപതികൾ ഒരുമിച്ചുകൂടുന്നു. ഭൂമിയിലെ സർവഭരണാധികാരികളും ദൈവത്തിന് അധീനരാണ്. അവിടുന്നു പരമോന്നതനാണ്. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India