സങ്കീർത്തനങ്ങൾ 46 - സത്യവേദപുസ്തകം C.L. (BSI)ദൈവം നമ്മോടുകൂടെ ഗായകസംഘനേതാവിന്; കന്യകമാർ എന്ന രാഗത്തിൽ, കോരഹ്പുത്രന്മാരുടെ ഒരു ഗീതം 1 ദൈവമാണ് നമ്മുടെ അഭയവും ബലവും; കഷ്ടതകളിൽ അവിടുന്ന് ഏറ്റവും അടുത്ത തുണ. 2 അതുകൊണ്ട് ഭൂമി കുലുങ്ങിയാലും പർവതങ്ങൾ ഇളകി സമുദ്രമധ്യത്തിൽ വീണാലും നാം ഭയപ്പെടുകയില്ല. 3 സമുദ്രം പതഞ്ഞിരമ്പട്ടെ, അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ കുലുങ്ങട്ടെ. നാം ഭയപ്പെടുകയില്ല. 4 ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെതന്നെ, സന്തുഷ്ടമാക്കുന്ന ഒരു നദിയുണ്ട്. 5 ദൈവം ആ നഗരത്തിൽ വസിക്കുന്നു, അതു നശിക്കുകയില്ല. അതിരാവിലെതന്നെ അവിടുന്ന് അതിനെ സഹായിക്കും. 6 ജനതകൾ രോഷംകൊള്ളുന്നു, രാജ്യങ്ങൾ പ്രകമ്പനംകൊണ്ടു. അവിടുന്ന് ശബ്ദിക്കുമ്പോൾ ഭൂമി ഉരുകിപ്പോകുന്നു. 7 സർവശക്തനായ സർവേശ്വരൻ നമ്മുടെ കൂടെയുണ്ട്. യാക്കോബിന്റെ ദൈവം നമ്മുടെ രക്ഷാസങ്കേതം. 8 സർവേശ്വരന്റെ പ്രവൃത്തികൾ വന്നു കാണുവിൻ, 9 അവിടുന്നു ഭൂമിയിൽ എത്ര വിസ്മയജനകമായ കാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. അവിടുന്നു ഭൂമിയിൽ എല്ലായിടത്തും യുദ്ധങ്ങൾ ഇല്ലാതാക്കുന്നു. അവിടുന്ന് വില്ലൊടിക്കുന്നു, കുന്തം തകർക്കുന്നു. രഥങ്ങളെ അഗ്നിക്കിരയാക്കുന്നു. 10 “ശാന്തരാകുവിൻ, ഞാൻ ദൈവമാണെന്ന് അറിയുക, ഞാൻ ജനതകളുടെ ഇടയിൽ പ്രകീർത്തിക്കപ്പെടുന്നു, ലോകമെങ്ങും പുകഴ്ത്തപ്പെടുന്നു.” 11 സർവശക്തനായ സർവേശ്വരൻ നമ്മുടെ കൂടെയുണ്ട്. യാക്കോബിന്റെ ദൈവം നമ്മുടെ രക്ഷാസങ്കേതം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India