Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 45 - സത്യവേദപുസ്തകം C.L. (BSI)


രാജകീയ വിവാഹഗാനം
ഗായകസംഘനേതാവിന്; ലില്ലികൾ എന്ന രാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു ഗീതം. ഒരു പ്രേമഗീതം.

1 എന്റെ ഹൃദയം ശുഭവചനങ്ങൾകൊണ്ടു നിറയുന്നു. ഈ ഗാനം ഞാൻ രാജാവിനു സമർപ്പിക്കുന്നു. എഴുതാൻ ഒരുങ്ങിയിരിക്കുന്ന എഴുത്തുകാരന്റെ തൂലികപോലെയാണ് എന്റെ നാവ്.

2 മനുഷ്യരിൽ അത്യന്തം സുന്ദരനാണ് അങ്ങ്. ഹൃദ്യവചസ്സുകൾ അങ്ങയുടെ അധരത്തിൽനിന്ന് ഉതിരുന്നു; ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നു.

3 വീരനായ രാജാവേ, മഹത്ത്വത്തിന്റെയും പ്രതാപത്തിന്റെയും ഉടവാൾ ധരിക്കുക.

4 സത്യത്തിനും നീതിയുടെ സംരക്ഷണത്തിനുമായി, പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. അങ്ങയുടെ വലങ്കൈ ഭീതി പടർത്തട്ടെ.

5 അങ്ങയുടെ കൂരമ്പുകൾ ശത്രുഹൃദയങ്ങൾ പിളർക്കട്ടെ. ജനതകൾ അങ്ങയുടെ കാല്‌ക്കൽ വീഴുന്നു.

6 അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും അവിടുത്തെ ചെങ്കോൽ നീതിയുടെ ചെങ്കോലാകുന്നു.

7 അങ്ങ് നീതിയെ ഇഷ്ടപ്പെടുന്നു, ദുഷ്ടതയെ വെറുക്കുന്നു. അതുകൊണ്ട്-ദൈവം അങ്ങയുടെ ദൈവം- മറ്റുള്ളവരിൽ നിന്നുയർത്തി. ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു.

8 അങ്ങയുടെ വസ്ത്രങ്ങൾ മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുരഭിലമായിരിക്കുന്നു. ദന്തസൗധങ്ങളിൽനിന്ന് ഒഴുകുന്ന തന്ത്രീനാദം, അങ്ങയെ ആനന്ദിപ്പിക്കുന്നു.

9 അങ്ങയുടെ അന്തഃപുരവനിതകളിൽ രാജകുമാരികളുണ്ട്. അങ്ങയുടെ വലത്തുവശത്ത് ഓഫീർതങ്കമണിഞ്ഞ് രാജ്ഞി നില്‌ക്കുന്നു.

10 അല്ലയോ രാജകുമാരീ, കേൾക്കുക; ശ്രദ്ധിച്ചുകേൾക്കുക; സ്വജനത്തെയും പിതൃഗൃഹത്തെയും മറക്കുക.

11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അദ്ദേഹം നിന്റെ നാഥനല്ലോ; അദ്ദേഹത്തെ വണങ്ങുക.

12 സോർനിവാസികൾ നിന്നെ പ്രീതിപ്പെടുത്താൻ കാഴ്ചകൾ അർപ്പിക്കും. ധനികർ എല്ലാവിധ സമ്പത്തും കാഴ്ചവയ്‍ക്കും.

13 തങ്കക്കസവുടയാട ചാർത്തി രാജകുമാരി അന്തഃപുരത്തിൽ ഇരിക്കുന്നു.

14 വർണശബളമായ അങ്കി അണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു. കന്യകമാരായ തോഴിമാർ അവൾക്ക് അകമ്പടി സേവിക്കുന്നു.

15 ആനന്ദത്തോടും ഉല്ലാസത്തോടും അവർ രാജമന്ദിരത്തിൽ പ്രവേശിക്കുന്നു.

16 അങ്ങയുടെ പുത്രന്മാർ പിതാക്കന്മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും അങ്ങ് അവരെ ഭരണാധിപതികളാക്കും.

17 അങ്ങയുടെ പ്രവൃത്തികൾ എല്ലാ തലമുറകളിലും പ്രകീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും. ജനതകൾ എന്നും അങ്ങയെ പുകഴ്ത്തും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan