സങ്കീർത്തനങ്ങൾ 42 - സത്യവേദപുസ്തകം C.L. (BSI)രണ്ടാം പുസ്‍തകം എന്റെ പ്രത്യാശ ഗായകസംഘനേതാവിന്; കോരഹ് പുത്രന്മാരുടെ ഗീതം 1 നീർച്ചാലുകളിലേക്കു പോകാൻ കാംക്ഷിക്കുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങേക്കായി കാംക്ഷിക്കുന്നു. 2 എന്റെ ഹൃദയം ദൈവത്തിനായി, ജീവിക്കുന്ന ദൈവത്തിനായിതന്നെ, ദാഹിക്കുന്നു. എപ്പോഴാണ് എനിക്ക് തിരുസന്നിധാനത്തിലെത്തി, തിരുമുഖം ദർശിക്കാൻ കഴിയുക? 3 കണ്ണുനീരാണ് എനിക്കു രാപ്പകൽ ആഹാരം, ‘നിന്റെ ദൈവം എവിടെ’ എന്നു പറഞ്ഞ്, അവർ നിരന്തരം എന്നെ പരിഹസിക്കുന്നു. 4 ജനക്കൂട്ടത്തോടൊത്ത് ദേവാലയത്തിലേക്കു പോയതും സ്തോത്രഗീതങ്ങളും ആനന്ദഘോഷങ്ങളും ഉയർത്തിക്കൊണ്ട് നീങ്ങിയ തീർഥാടകരോടൊത്ത് ഞാൻ ദേവാലയത്തിലേക്കു നയിക്കപ്പെട്ടതും ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. 5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തിൽ പ്രത്യാശ വയ്‍ക്കുക. എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും. 6 എന്റെ ആത്മാവ് വിഷാദിച്ചിരിക്കുന്നു. അതുകൊണ്ട് യോർദ്ദാൻ പ്രദേശത്തും ഹെർമ്മോനിലും മിസാർമലയിലും നിന്നുകൊണ്ട് ഞാൻ അങ്ങയെ അനുസ്മരിക്കുന്നു. 7 അവിടുന്നു വെള്ളച്ചാട്ടങ്ങളെ ഗർജിക്കുമാറാക്കി, ആഴം ആഴത്തെ വിളിക്കുന്നു. ഓളങ്ങളും തിരമാലകളും എന്റെ മീതെ കടന്നുപോയി. 8 സർവേശ്വരൻ പകൽസമയത്ത് അചഞ്ചല സ്നേഹം വർഷിക്കുന്നു. രാത്രിയിൽ ഞാൻ അവിടുത്തേക്ക് ഗാനം ആലപിക്കും. ദൈവത്തോടുള്ള എന്റെ ജീവന്റെ പ്രാർഥന തന്നെ. 9 ‘അവിടുന്ന് എന്നെ മറന്നത് എന്ത്? ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടി വന്നതും എന്തുകൊണ്ട്’ എന്നു ഞാൻ എന്റെ അഭയശിലയായ ദൈവത്തോടു ചോദിക്കും. 10 ‘നിന്റെ ദൈവം എവിടെ’ എന്ന് എന്റെ ശത്രുക്കൾ ഇടവിടാതെ ചോദിക്കുന്നു. കുത്തുവാക്കുകൾകൊണ്ട് അവർ എന്നെ വേദനിപ്പിക്കുന്നു. 11 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തിൽ പ്രത്യാശ വയ്‍ക്കുക, എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India