Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 41 - സത്യവേദപുസ്തകം C.L. (BSI)


ഒരു രോഗിയുടെ പ്രാർഥന
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം

1 ദരിദ്രരെക്കുറിച്ച് കരുതലുള്ളവൻ ധന്യൻ; അനർഥവേളകളിൽ സർവേശ്വരൻ അവനെ രക്ഷിക്കും.

2 അവിടുന്ന് അവനെ പരിപാലിക്കും; അവന്റെ ജീവൻ സംരക്ഷിക്കും. അനുഗൃഹീതൻ എന്ന് അവൻ ദേശത്ത് അറിയപ്പെടും. അവിടുന്ന് അവനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയില്ല.

3 രോഗശയ്യയിൽ സർവേശ്വരൻ അവന് ആശ്വാസം നല്‌കും. അവിടുന്ന് അവനെ സുഖപ്പെടുത്തും.

4 സർവേശ്വരാ, എന്നോടു കരുണയുണ്ടാകണമേ, എനിക്കു സൗഖ്യം നല്‌കണമേ. അങ്ങേക്കെതിരെ ഞാൻ പാപം ചെയ്തിരിക്കുന്നുവല്ലോ.

5 ശത്രുക്കൾ എന്നെക്കുറിച്ച് ‘അവൻ എപ്പോൾ മരിക്കും; എപ്പോൾ നാമാവശേഷനാകും’ എന്നിങ്ങനെ ഹീനമായി സംസാരിക്കുന്നു.

6 എന്നെ കാണാൻ വരുന്നവർ ഉള്ളിൽ ദുഷ്ടതയോടെ പൊള്ളവാക്കുകൾ പറയുന്നു. അവർ പുറത്തിറങ്ങി തിന്മ പറഞ്ഞു പരത്തുന്നു.

7 എന്നെ വെറുക്കുന്നവർ എന്നെക്കുറിച്ച് അടക്കംപറയുന്നു. അവർ എനിക്കെതിരെ ഏറ്റവും ദോഷമായത് നിരൂപിക്കുന്നു.

8 ‘മാരകരോഗം അവനു പിടിപെട്ടിരിക്കുന്നു. അവൻ ഇനി എഴുന്നേല്‌ക്കുകയില്ല’ എന്നവർ പറയുന്നു.

9 ഞാൻ വിശ്വാസമർപ്പിച്ച് എന്റെ ഭക്ഷണത്തിൽ പങ്കു നല്‌കിയ എന്റെ പ്രാണസ്നേഹിതൻ പോലും എന്നെ ചവിട്ടാൻ ഓങ്ങിയിരിക്കുന്നു.

10 പരമനാഥാ, എന്നോടു കൃപ തോന്നണമേ എനിക്ക് സൗഖ്യം നല്‌കണമേ. ഞാൻ അവരോടു പകരം ചോദിക്കട്ടെ.

11 ശത്രു എന്റെമേൽ വിജയം നേടാതിരുന്നതിനാൽ; അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു.

12 എന്റെ നിഷ്കളങ്കത്വംമൂലം അവിടുന്നെന്നെ താങ്ങുന്നു. അവിടുത്തെ സന്നിധാനത്തിൽ എന്നെ എന്നും നിർത്തുന്നു.

13 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ; ഇന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan