Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 40 - സത്യവേദപുസ്തകം C.L. (BSI)


സ്തോത്രവും പ്രാർഥനയും
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം

1 സർവേശ്വരന്റെ സഹായത്തിനായി ഞാൻ ക്ഷമയോടെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.

2 ഭയാനകമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി. അവിടുന്ന് എന്നെ പാറമേൽ നിർത്തി; എന്റെ കാലടികൾ സുരക്ഷിതമാക്കി.

3 അവിടുന്ന് എന്റെ അധരങ്ങളിൽ ഒരു പുതിയ പാട്ടു നല്‌കി. നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ. പലരും ഇതുകണ്ട് ഭയഭക്തിയോടെ സർവേശ്വരനെ ആശ്രയിക്കും.

4 സർവേശ്വരനെ ശരണമാക്കുന്നവർ അനുഗൃഹീതർ; വ്യാജദേവന്മാരെ ആരാധിക്കുന്ന ഗർവിഷ്ഠരെ അവർക്ക് ആശ്രയിക്കേണ്ടിവരില്ല.

5 എന്റെ ദൈവമായ സർവേശ്വരാ, അവിടുന്നു ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ഭുതങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള അവിടുത്തെ കരുതലും എത്ര വലുതാകുന്നു. എങ്ങനെയാണ് അവ ഞാൻ വർണിക്കുക; അവ അസംഖ്യമാണല്ലോ. അങ്ങേക്കു സമനായി ആരുമില്ല.

6 യാഗവും വഴിപാടും അവിടുന്ന് ആഗ്രഹിച്ചില്ല; ഹോമയാഗവും പാപപരിഹാരയാഗവും അവിടുന്ന് ആവശ്യപ്പെട്ടില്ല. എന്നാൽ അവിടുന്ന് എന്റെ കാതുകൾ തുറന്നുതന്നു.

7 അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ ഞാൻ വരുന്നു, പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.’

8 എന്റെ ദൈവമേ, തിരുഹിതം നിറവേറുന്നതിൽ ഞാൻ സന്തോഷിക്കും. അവിടുത്തെ കല്പനകൾ എനിക്കു ഹൃദിസ്ഥമാണ്.

9 അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയിൽ ഞാൻ വിമോചനത്തിന്റെ സുവാർത്ത അറിയിച്ചു. അതു പറയുന്നതിൽനിന്നു ഞാൻ എന്റെ നാവിനെ വിലക്കിയില്ല. പരമനാഥാ, അവിടുന്ന് അത് അറിയുന്നുവല്ലോ.

10 അവിടുന്നു നല്‌കിയ വീണ്ടെടുപ്പ് ഞാൻ ഒളിച്ചുവച്ചില്ല. അവിടുത്തെ വിശ്വസ്തതയെയും രക്ഷയെയും ഞാൻ പ്രഘോഷിച്ചു. അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയിൽനിന്നു ഞാൻ മറച്ചുവച്ചില്ല.

11 പരമനാഥാ, അവിടുത്തെ കാരുണ്യം എന്നും എന്റെമേൽ ചൊരിയണമേ. അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നെ നിത്യവും സംരക്ഷിക്കട്ടെ.

12 എണ്ണമറ്റ അനർഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഒന്നും കാണാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ മൂടിയിരിക്കുന്നു. അവ എന്റെ മുടിനാരുകളെക്കാൾ അസംഖ്യമാണ്. എന്റെ ധൈര്യം ചോർന്നുപോകുന്നു.

13 സർവേശ്വരാ, എന്നെ രക്ഷിക്കാൻ കനിവുണ്ടാകണമേ; എന്നെ സഹായിക്കാൻ വേഗം വരണമേ.

14 എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ; എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ അപമാനത്തോടെ പിന്തിരിയട്ടെ.

15 ‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവർ നാണിച്ചു സ്തബ്ധരാകട്ടെ.

16 അങ്ങയെ അന്വേഷിക്കുന്നവരെല്ലാം അങ്ങയിൽ ആനന്ദിക്കട്ടെ. അവിടുന്നു നല്‌കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവർ സർവേശ്വരൻ വലിയവനെന്ന് എപ്പോഴും ഘോഷിക്കട്ടെ.

17 ഞാൻ എളിയവനും ദരിദ്രനുമാണ്; എങ്കിലും സർവേശ്വരനുണ്ട് എനിക്കുവേണ്ടി കരുതാൻ; അവിടുന്നാണ് എന്റെ സഹായകനും വിമോചകനും എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan