സങ്കീർത്തനങ്ങൾ 39 - സത്യവേദപുസ്തകം C.L. (BSI)പീഡിതന്റെ അനുതാപം യെദൂഥൂൻ എന്ന ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം 1 നാവുകൊണ്ടു പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ ജീവിതചര്യകളെ സൂക്ഷിക്കുമെന്നും; ദുഷ്ടർ അടുത്തുള്ളപ്പോൾ നാവിനു കടിഞ്ഞാണിടുമെന്നും ഞാൻ പറഞ്ഞു. 2 ഞാൻ മിണ്ടാതെ മൗനംപാലിച്ചു, എന്റെ മൗനം നിഷ്ഫലമായിരുന്നു. എന്റെ വേദന വർധിച്ചുകൊണ്ടിരുന്നു. 3 ആകുലചിന്തയാൽ എന്റെ ഹൃദയം തപിച്ചു. ചിന്തിച്ചപ്പോൾ എന്റെ ഉള്ളിൽ തീയാളി; ഞാൻ മൗനം വെടിഞ്ഞു പറഞ്ഞു: 4 “സർവേശ്വരാ, എന്റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാൻ അറിയട്ടെ.” 5 അവിടുന്ന് എന്റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. 6 അവന്റെ ജീവിതം വെറും നിഴൽപോലെ, അവൻ ബദ്ധപ്പെടുന്നതു വെറുതെ. അവൻ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല. 7 സർവേശ്വരാ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? അവിടുന്നാണല്ലോ എന്റെ പ്രത്യാശ. 8 എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ വിടുവിക്കണമേ; എന്നെ ഭോഷന്റെ നിന്ദാപാത്രമാക്കരുതേ. 9 ഞാൻ ഒന്നും മിണ്ടാതെ മൂകനായിരുന്നു; അങ്ങാണല്ലോ എനിക്കിങ്ങനെ വരുത്തിയത്. 10 ഇനിയും എന്നെ ശിക്ഷിക്കരുതേ; അവിടുത്തെ ദണ്ഡനത്താൽ ഞാൻ ക്ഷയിച്ചുപോയിരിക്കുന്നു. 11 മനുഷ്യനെ അവന്റെ പാപത്തിന് അവിടുന്നു ശാസിച്ചു ശിക്ഷിക്കുമ്പോൾ അവനു പ്രിയങ്കരമായതിനെയെല്ലാം പുഴു കരളുന്നതുപോലെ നശിപ്പിക്കുന്നു. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. 12 സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്റെ കണ്ണുനീർ കണ്ട് ഉത്തരമരുളണമേ; എന്റെ പൂർവപിതാക്കന്മാരെപ്പോലെ ഞാൻ അല്പകാലത്തേക്കു മാത്രമുള്ള അങ്ങയുടെ അതിഥിയും പരദേശിയും ആണല്ലോ. 13 ഞാൻ ഇഹലോകം വിട്ടു ഇല്ലാതാകുന്നതിനു മുമ്പ് സന്തോഷം ആസ്വദിക്കാൻ, അവിടുത്തെ തീക്ഷ്ണദൃഷ്‍ടി പിൻവലിക്കണമേ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India