Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 36 - സത്യവേദപുസ്തകം C.L. (BSI)


മനുഷ്യന്റെ ദുഷ്ടതയും ദൈവത്തിന്റെ സ്നേഹവും
ഗായകസംഘനേതാവിന്; സർവേശ്വരന്റെ ദാസനായ ദാവീദിന്റെ സങ്കീർത്തനം

1 ദുഷ്ടന്റെ ഹൃദയാന്തർഭാഗത്തു പാപം നിറഞ്ഞിരിക്കുന്നു; ദൈവഭക്തിയെക്കുറിച്ച് അവൻ ആലോചിക്കുന്നതേയില്ല.

2 തന്റെ പാപം കണ്ടുപിടിക്കപ്പെടുകയോ; അങ്ങനെ താൻ വെറുക്കപ്പെടുകയോ ഇല്ലെന്നാണ് അവന്റെ മേനിപറച്ചിൽ.

3 വഞ്ചനയും കാപട്യവും നിറഞ്ഞതാണ് അവന്റെ വാക്കുകൾ; നന്മയും വിവേകവും അവന്റെ പ്രവൃത്തികളിലില്ല.

4 ഉറങ്ങാൻ കിടക്കുമ്പോഴും അവൻ ദ്രോഹാലോചനകളിലാണ്; അവൻ എപ്പോഴും ചരിക്കുന്നതു ദുർമാർഗത്തിലാണ്. അവൻ ദോഷത്തെ വെറുക്കുന്നുമില്ല.

5 സർവേശ്വരാ, അവിടുത്തെ അചഞ്ചലസ്നേഹം, ആകാശത്തോളവും; അവിടുത്തെ വിശ്വസ്തത മേഘങ്ങൾ വരെയും എത്തുന്നു.

6 അവിടുത്തെ നീതി ഉന്നതപർവതങ്ങൾ പോലെയും; അവിടുത്തെ വിധികൾ അഗാധമായ ആഴി പോലെയുമാണ്. പരമനാഥാ, മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടുന്നാണ്.

7 ദൈവമേ, അവിടുത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യം. മനുഷ്യരെല്ലാം അവിടുത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.

8 അവിടുത്തെ ആലയത്തിലെ സമൃദ്ധികൊണ്ട് അവർ തൃപ്തിയടയുന്നു. അവിടുത്തെ ആനന്ദനദിയിൽനിന്ന് അവർ പാനംചെയ്യുന്നു.

9 അവിടുന്നാകുന്നു ജീവന്റെ ഉറവിടം; അവിടുത്തെ പ്രകാശത്താൽ ഞങ്ങൾ വെളിച്ചം കാണുന്നു.

10 അങ്ങയെ അറിയുന്നവർക്ക് അവിടുത്തെ കാരുണ്യവും പരമാർഥഹൃദയമുള്ളവർക്ക് അവിടുത്തെ രക്ഷയും നിരന്തരം നല്‌കണമേ.

11 അഹങ്കാരികൾ എന്നെ ആക്രമിക്കരുതേ, ദുഷ്ടർ എന്നെ ആട്ടി ഓടിക്കരുതേ.

12 അതാ, ദുഷ്ടന്മാർ വീണുകിടക്കുന്നു; എഴുന്നേല്‌ക്കാനാവാത്തവിധം അവർ നിലംപരിചായിരിക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan