Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 35 - സത്യവേദപുസ്തകം C.L. (BSI)


പീഡിതന്റെ പ്രാർഥന
ദാവീദിന്റെ ഒരു സങ്കീർത്തനം

1 സർവേശ്വരാ, എന്നെ എതിർക്കുന്നവരെ അവിടുന്ന് എതിർക്കണമേ; എന്നോടു പൊരുതുന്നവരോടു പൊരുതണമേ.

2 കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാൻ വരണമേ.

3 എന്നെ പിന്തുടരുന്നവരെ കുന്തംകൊണ്ടു തടയണമേ; ‘ഞാൻ നിന്റെ രക്ഷ’ എന്ന് എനിക്ക് ഉറപ്പു തരണമേ.

4 എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ; പരാജിതരും ലജ്ജിതരുമായിരിക്കട്ടെ. എനിക്കെതിരെ ദ്രോഹപദ്ധതി ആവിഷ്കരിക്കുന്നവർ; പരിഭ്രാന്തരായി പിന്തിരിയട്ടെ.

5 അവർ കാറ്റിൽ പാറുന്ന പതിരുപോലെയാകട്ടെ; സർവേശ്വരന്റെ ദൂതൻ അവരെ ഓടിക്കട്ടെ.

6 അവരുടെ വഴി ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമാകട്ടെ. സർവേശ്വരന്റെ ദൂതൻ അവരെ പിന്തുടർന്നു ചെല്ലട്ടെ.

7 അകാരണമായി അവർ എനിക്കുവേണ്ടി കെണി ഒരുക്കി; കാരണം കൂടാതെ അവർ എന്നെ പിടിക്കാൻ കുഴി കുഴിച്ചു.

8 നിനച്ചിരിക്കാത്ത സമയത്ത് അവർക്കു വിനാശം ഭവിക്കട്ടെ. അവർ ഒളിച്ചുവച്ച കെണിയിൽ അവർതന്നെ കുടുങ്ങട്ടെ. അവർ അതിൽ വീണു നശിക്കട്ടെ.

9 ഞാൻ സർവേശ്വരനിൽ ആനന്ദിക്കും; അവിടുന്നരുളിയ രക്ഷയിൽ ഉല്ലസിക്കും;

10 ബലഹീനനെ ശക്തനിൽനിന്നും എളിയവനും ദരിദ്രനുമായവനെ മർദകനിൽനിന്നും രക്ഷിക്കുന്ന അവിടുന്ന് അതുല്യൻ എന്നു ഞാൻ സർവാത്മനാ പറയും.

11 നീചന്മാർ എനിക്കെതിരെ സാക്ഷ്യം പറയുന്നു. ഞാൻ അറിയാത്ത കാര്യങ്ങൾ അവർ എന്നോടു ചോദിക്കുന്നു.

12 അവർ നന്മയ്‍ക്കു പകരം തിന്മയാണ് എന്നോടു പ്രവർത്തിക്കുന്നത്. ഞാൻ നിസ്സഹായനായിരിക്കുന്നു.

13 എന്നാൽ ഞാനാകട്ടെ അവർ രോഗികളായിരുന്നപ്പോൾ വിലാപവസ്ത്രം ധരിച്ചു. ഞാൻ ഉപവസിച്ച് ആത്മതപനം ചെയ്തു. ഞാൻ കുമ്പിട്ടു പ്രാർഥിച്ചു.

14 സ്വന്തം സഹോദരനെയോ സ്നേഹിതനെയോ ഓർത്തു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ പ്രാർഥിച്ചു. അമ്മയെ ഓർത്തു വിലപിക്കുന്നവനെപ്പോലെ; ഞാൻ തല കുനിച്ചു കരഞ്ഞുകൊണ്ടു നടന്നു.

15 എന്നാൽ എന്റെ അനർഥത്തിൽ അവർ ഒരുമിച്ചുകൂടി സന്തോഷിച്ചു. അവർ എനിക്കെതിരെ ഒത്തുചേർന്നു. എനിക്ക് അപരിചിതരായ അധമന്മാർ ഇടവിടാതെ എന്നെ ദുഷിച്ചു.

16 അവർ എന്നെ അതിനിന്ദ്യമായി പരിഹസിച്ച് എന്റെ നേരേ പല്ലു കടിക്കുന്നു.

17 സർവേശ്വരാ, അങ്ങ് എത്രകാലം ഇതു നോക്കിനില്‌ക്കും? അവരുടെ ആക്രമണങ്ങളിൽനിന്ന് എന്നെ രക്ഷിക്കണമേ. ഈ സിംഹങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.

18 അപ്പോൾ അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയിൽ; ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. സമൂഹമധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും.

19 അകാരണമായി എന്നെ ദ്വേഷിച്ചവർ; എന്നെക്കുറിച്ചു സന്തോഷിക്കാൻ ഇടയാക്കരുതേ. കാരണം കൂടാതെ എന്നെ വെറുക്കുന്നവർ എന്നെ പരിഹസിക്കരുതേ.

20 അവർക്കു സമാധാനം ആവശ്യമില്ല; ശാന്തരായി കഴിയുന്നവർക്കെതിരെ അവർ വഞ്ചന നിരൂപിക്കും.

21 ‘ആഹാ, നീ ചെയ്തതു ഞങ്ങൾ കണ്ടല്ലോ,’ എന്നവർ പരിഹാസത്തോടെ വിളിച്ചുകൂകും.

22 എന്നാൽ സർവേശ്വരാ, അവിടുന്നെല്ലാം കാണുന്നുവല്ലോ. അങ്ങു മൗനമായിരിക്കരുതേ; നാഥാ, എന്നിൽനിന്ന് അകന്നിരിക്കരുതേ!

23 എന്റെ ദൈവമായ സർവേശ്വരാ, ഉണർന്നെഴുന്നേല്‌ക്കണമേ; എനിക്കു നീതിയും ന്യായവും നടത്തിത്തരണമേ,

24 അവിടുന്നു നീതിമാനാണല്ലോ, എനിക്കു നീതി നടത്തിത്തന്നാലും; അവർ എന്നെക്കുറിച്ചു സന്തോഷിക്കാൻ ഇടയാക്കരുതേ.

25 ‘ഞങ്ങൾ ആഗ്രഹിച്ചതു നടന്നല്ലോ; ഞങ്ങൾ അവന്റെ ഉന്മൂലനാശം വരുത്തിയല്ലോ’ എന്ന് അവർ പറയാതിരിക്കട്ടെ.

26 എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിക്കട്ടെ. എനിക്കെതിരെ വീമ്പിളക്കിയവർ, ലജ്ജിതരും അപമാനിതരും ആകട്ടെ.

27 എനിക്കു നീതി ലഭിക്കാൻ ആഗ്രഹിച്ചവർ ആർപ്പുവിളിച്ച് ആഹ്ലാദിക്കട്ടെ. ‘അവിടുത്തെ ദാസന്റെ ശ്രേയസ്സിൽ സന്തോഷിക്കുന്ന സർവേശ്വരൻ എത്ര വലിയവൻ’ എന്ന് അവർ എപ്പോഴും പറയട്ടെ.

28 അവിടുത്തെ നീതിയും സ്തുതിയും ഞാൻ രാപ്പകൽ ഘോഷിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan