സങ്കീർത്തനങ്ങൾ 32 - സത്യവേദപുസ്തകം C.L. (BSI)പാപം ഏറ്റുപറയുന്നു ദാവീദിന്റെ ധ്യാനസങ്കീർത്തനം 1 അതിക്രമങ്ങൾ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവൻ അനുഗൃഹീതൻ. 2 സർവേശ്വരന്റെ ദൃഷ്‍ടിയിൽ നിർദോഷിയായവൻ എത്ര ധന്യൻ. ഹൃദയത്തിൽ കാപട്യമില്ലാത്തവൻ എത്ര ഭാഗ്യവാൻ. 3 പാപം ഏറ്റുപറയാതിരുന്നപ്പോൾ, ഞാൻ ദിവസം മുഴുവൻ കരഞ്ഞു കരഞ്ഞു തളർന്നു. 4 രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു; വേനൽച്ചൂടിലെന്നപോലെ എന്റെ ശക്തി വറ്റിപ്പോയി. 5 ഞാൻ എന്റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്റെ അതിക്രമങ്ങൾ ഞാൻ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങൾ ഞാൻ സർവേശ്വരനോട് ഏറ്റുപറയുമെന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് എന്റെ പാപം ക്ഷമിച്ചു. 6 അതുകൊണ്ടു ഭക്തന്മാർ അവിടുത്തോടു പ്രാർഥിക്കട്ടെ. കഷ്ടതകൾ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല. 7 അവിടുന്നാണ് എന്റെ ഒളിസങ്കേതം; കഷ്ടതയിൽനിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു. 8 നിന്റെ വഴി ഞാൻ നിനക്ക് ഉപദേശിച്ചുതരും; ഞാൻ ദൃഷ്‍ടി അയച്ച് നിനക്ക് ഉപദേശം തരും. 9 നിങ്ങൾ വകതിരിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെയാകരുത്. മുഖപ്പട്ടയും കടിഞ്ഞാണും കൊണ്ടാണല്ലോ അവയെ നിയന്ത്രിക്കുന്നത്. അവ നിങ്ങൾക്കു കീഴ്പെടുന്നതും അതുകൊണ്ടാണല്ലോ. 10 ദുർജനം നിരവധി വേദനകൾ അനുഭവിക്കേണ്ടതുണ്ട്; സർവേശ്വരനിൽ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു. 11 നീതിമാന്മാർ സർവേശ്വരനിൽ ആനന്ദിക്കട്ടെ; പരമാർഥഹൃദയമുള്ളവർ ഉല്ലസിച്ചു ഘോഷിക്കട്ടെ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India