Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 28 - സത്യവേദപുസ്തകം C.L. (BSI)


സഹായത്തിനുവേണ്ടിയുള്ള പ്രാർഥന
ദാവീദിന്റെ ഒരു സങ്കീർത്തനം

1 സർവേശ്വരാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ് എന്റെ നിലവിളി കേൾക്കണമേ; അങ്ങ് ഉത്തരമരുളാതിരുന്നാൽ ഞാൻ പാതാളത്തിൽ പതിച്ചവരെപ്പോലെയാകും.

2 ഞാൻ അവിടുത്തെ അതിവിശുദ്ധമന്ദിരത്തിലേക്ക്, കൈ നീട്ടി സഹായത്തിനായി പ്രാർഥിക്കുമ്പോൾ, എന്റെ യാചന കേൾക്കണമേ.

3 ദുഷ്കർമികളോടൊപ്പം എന്നെ വലിച്ചിഴയ്‍ക്കരുതേ, അയൽക്കാരോട് അവർ സ്നേഹഭാവത്തിൽ കുശലം അന്വേഷിക്കുന്നു. എന്നാൽ അവരുടെ ഹൃദയത്തിൽ വിദ്വേഷം കുടികൊള്ളുന്നു.

4 അവരുടെ പ്രവൃത്തികൾക്കും അവർ ചെയ്ത ദുഷ്ടതയ്‍ക്കും തക്കവിധം അവരെ ശിക്ഷിക്കണമേ; അവർക്ക് അവർ അർഹിക്കുന്ന ശിക്ഷ നല്‌കിയാലും.

5 സർവേശ്വരന്റെ പ്രവൃത്തികളെയും അവിടുത്തെ കരങ്ങൾ സൃഷ്‍ടിച്ചവയെയും അവർ വിലപ്പെട്ടതായി കാണുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരെ തകർക്കും. അവരെ വീണ്ടും ഉദ്ധരിക്കുകയില്ല.

6 സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; അവിടുന്ന് എന്റെ നിലവിളി കേട്ടുവല്ലോ.

7 സർവേശ്വരൻ എന്റെ ബലവും പരിചയുമാണ്; ഞാൻ അവിടുത്തെ ആശ്രയിച്ചു; അവിടുന്നെന്നെ സഹായിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു. ഞാൻ കീർത്തനം പാടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു.

8 സർവേശ്വരൻ തന്റെ ജനത്തിന്റെ ബലം; അവിടുന്നു തന്റെ അഭിഷിക്തന്റെ അഭയസ്ഥാനം.

9 നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ; അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും; അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ; എന്നും അവിടുത്തെ കരങ്ങളിൽ അവരെ വഹിക്കണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan