സങ്കീർത്തനങ്ങൾ 27 - സത്യവേദപുസ്തകം C.L. (BSI)ദൈവത്തിലുള്ള ആശ്രയം ദാവീദിന്റെ ഒരു സങ്കീർത്തനം 1 സർവേശ്വരൻ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു. ഞാൻ ആരെ ഭയപ്പെടണം? അവിടുന്ന് എന്റെ ആധാരം; ഞാൻ ആരെ പേടിക്കണം? 2 ദുഷ്കർമികളായ ശത്രുക്കൾ എന്നെ വിഴുങ്ങാൻ ഭാവിക്കുമ്പോൾ ഇടറിവീഴും. 3 ഒരു സൈന്യം എനിക്കെതിരെ പാളയമടിച്ചാലും ഞാൻ ഭയപ്പെടുകയില്ല; എനിക്കെതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും ഞാൻ നിർഭയനായിരിക്കും. 4 സർവേശ്വരനോടു ഞാൻ ഒരു കാര്യം അപേക്ഷിച്ചു; അതു മാത്രമാണ് എന്റെ ഹൃദയാഭിലാഷം. അങ്ങയുടെ മനോഹരത്വം ദർശിച്ചും അവിടുത്തെ ഹിതം അറിഞ്ഞും തിരുമന്ദിരത്തിൽ നിത്യം പാർക്കാൻ, അടിയനെ അനുവദിച്ചാലും. 5 അനർഥകാലത്ത് അവിടുന്നെന്നെ കൂടാരത്തിൽ ഒളിപ്പിക്കും; തിരുമന്ദിരത്തിൽ എന്നെ സൂക്ഷിക്കും; എന്നെ ഉയർന്ന പാറയിൽ നിർഭയനായി നിർത്തും. 6 എന്നെ വലയംചെയ്തിരിക്കുന്ന ശത്രുക്കളുടെമേൽ ഞാൻ വിജയം നേടും; ജയഘോഷത്തോടെ ഞാൻ അവിടുത്തെ ആലയത്തിൽ യാഗങ്ങൾ അർപ്പിക്കും; ഞാൻ സർവേശ്വരനു കീർത്തനം ആലപിക്കും. 7 സർവേശ്വരാ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ; എന്നോടു കനിവുണ്ടായി ഉത്തരമരുളണമേ. 8 ‘എങ്കലേക്കു തിരിയുക’ എന്ന അവിടുത്തെ കല്പന, എന്നോടുള്ളതെന്ന് എന്റെ ഹൃദയം പറഞ്ഞു; പരമനാഥാ, ഞാൻ അവിടുത്തെ തിരുമുഖം അന്വേഷിക്കുന്നു. 9 അവിടുത്തെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ; രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ; അവിടുന്നാണല്ലോ എനിക്കു തുണ; എന്റെ രക്ഷകനായ ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ. 10 അപ്പനും അമ്മയും എന്നെ കൈവിട്ടാലും അവിടുന്ന് എന്നെ കൈവിടുകയില്ല. 11 പരമനാഥാ, അവിടുത്തെ വഴി എനിക്കുപദേശിച്ചു തരണമേ; നേർവഴിയിലൂടെ എന്നെ നയിക്കണമേ. എനിക്കു ശത്രുക്കൾ വളരെയാണല്ലോ. 12 എന്റെ വൈരികളുടെ അഭീഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ, കള്ളസ്സാക്ഷികൾ എനിക്കെതിരെ ഉയർന്നിരിക്കുന്നു, അവർ ഭീഷണി വമിക്കുന്നു. 13 സർവേശ്വരൻ എത്ര നല്ലവനെന്ന് എന്റെ ആയുസ്സിൽതന്നെ ഞാൻ അനുഭവിച്ചറിയും. 14 സർവേശ്വരനിൽ പ്രത്യാശവച്ച് ധൈര്യമായിരിക്കുക; അതേ, സർവേശ്വരനിൽതന്നെ പ്രത്യാശവയ്‍ക്കുക. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India