Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 26 - സത്യവേദപുസ്തകം C.L. (BSI)


നിഷ്കളങ്കന്റെ പ്രാർഥന
ദാവീദിന്റെ ഒരു സങ്കീർത്തനം

1 സർവേശ്വരാ, എനിക്കു നീതി നടത്തിത്തരണമേ, ഞാൻ നിഷ്കളങ്കനായി ജീവിച്ചുവല്ലോ, ഞാൻ പതറാതെ സർവേശ്വരനിൽ ആശ്രയിച്ചു.

2 പരമനാഥാ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്താലും. എന്റെ ഹൃദയവും മനസ്സും ഉരച്ചു നോക്കിയാലും.

3 അവിടുത്തെ അചഞ്ചലസ്നേഹത്തിൽ, ഞാനെപ്പോഴും ദൃഷ്‍ടിയർപ്പിച്ചിരിക്കുന്നു. അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു.

4 വഞ്ചകരോടൊത്തു ഞാൻ കൂട്ടുകൂടിയിട്ടില്ല, കപടഹൃദയരോടൊത്തു ഞാൻ ചേർന്നിട്ടുമില്ല.

5 ദുഷ്ടസംസർഗം ഞാൻ വെറുക്കുന്നു; നീചന്മാരോടൊത്ത് എനിക്കു സഖിത്വമില്ല.

6 ഞാൻ എന്റെ നിഷ്കളങ്കതയിൽ കൈകൾ കഴുകി; അങ്ങയുടെ യാഗപീഠത്തെ ഞാൻ പ്രദക്ഷിണം ചെയ്യുന്നു.

7 ഞാൻ ഉച്ചത്തിൽ സ്തോത്രഗീതം ആലപിക്കുന്നു. അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീർത്തിക്കുന്നു.

8 സർവേശ്വരാ, അങ്ങു നിവസിക്കുന്ന ആലയത്തെ അവിടുത്തെ മഹത്ത്വം കുടികൊള്ളുന്ന സ്ഥലത്തെ ഞാൻ സ്നേഹിക്കുന്നു.

9 പാപികളോടും രക്തദാഹികളോടുമൊപ്പം എന്നെ തൂത്തെറിയരുതേ.

10 അവരുടെ കൈകൾ ദുഷ്കർമം ചെയ്യാൻ എപ്പോഴും ഒരുക്കമാണ്; അവരുടെ വലങ്കൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.

11 എന്നാൽ ഞാൻ നിഷ്കളങ്കനായി ജീവിക്കും. എന്നോടു കൃപയുണ്ടായി എന്നെ രക്ഷിക്കണമേ.

12 സുരക്ഷിതമായ സ്ഥലത്തു ഞാൻ നില്‌ക്കുന്നു; മഹാസഭയിൽ ഞാൻ സർവേശ്വരനെ വാഴ്ത്തും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan