Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 25 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരാ, നയിച്ചാലും
ദാവീദിന്റെ ഒരു സങ്കീർത്തനം

1 സർവേശ്വരാ, ഞാൻ അങ്ങയെ ആരാധിക്കുന്നു; ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു.

2 എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരരുതേ; എന്റെമേൽ ജയഘോഷംകൊള്ളാൻ ശത്രുക്കൾക്ക് ഇട കൊടുക്കരുതേ.

3 അങ്ങയിൽ പ്രത്യാശവയ്‍ക്കുന്നവർ നിരാശരാകാതിരിക്കട്ടെ. അകാരണമായി ദ്രോഹിക്കുന്നവർ അപമാനിതരാകും.

4 അവിടുത്തെ വഴികൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ മാർഗങ്ങൾ എനിക്കു മനസ്സിലാക്കിത്തരണമേ.

5 അവിടുത്തെ സത്യത്തിൽ വഴിനടക്കാൻ എന്നെ പഠിപ്പിച്ചാലും; അവിടുന്ന് എന്റെ രക്ഷകനായ ദൈവമാണല്ലോ; ഞാൻ എപ്പോഴും അങ്ങയിൽ ശരണപ്പെടുന്നു.

6 സർവേശ്വരാ, പണ്ടുമുതലേ അവിടുന്നു ഞങ്ങളോടു കാണിച്ച കരുണയും സുസ്ഥിരസ്നേഹവും ഓർക്കണമേ.

7 എന്റെ യൗവനകാലപാപങ്ങളും അതിക്രമങ്ങളും അവിടുന്ന് ഓർക്കരുതേ; അവിടുത്തെ അചഞ്ചലസ്നേഹത്തിനും കരുണയ്‍ക്കും ഒത്തവിധം സർവേശ്വരാ, എന്നെ അനുസ്മരിച്ചാലും.

8 സർവേശ്വരൻ നല്ലവനും നീതിമാനും ആണ്. അവിടുന്നു പാപികൾക്കു നേർവഴി കാട്ടുന്നു.

9 എളിയവരെ അവിടുന്നു നീതിമാർഗത്തിൽ നയിക്കുന്നു; അവിടുത്തെ വഴി അവരെ പഠിപ്പിക്കുന്നു.

10 സർവേശ്വരന്റെ ഉടമ്പടിയും കല്പനകളും പാലിക്കുന്നവരെ സുസ്ഥിരസ്നേഹത്തിലും സത്യത്തിലും അവിടുന്നു വഴിനടത്തും.

11 സർവേശ്വരാ, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്റെ ബഹുലമായ പാപങ്ങൾ ക്ഷമിക്കണമേ.

12 സർവേശ്വരനോടു ഭയഭക്തിയുള്ളവൻ ചരിക്കേണ്ട പാത അവിടുന്ന് അവനു കാണിച്ചുകൊടുക്കും.

13 അവൻ ഐശ്വര്യത്തോടെ വസിക്കും; അവന്റെ സന്തതി ദേശം സ്വന്തമാക്കും.

14 സർവേശ്വരൻ തന്റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു. അവിടുത്തെ ഉടമ്പടി അവർക്കു വെളിപ്പെടുത്തുന്നു.

15 സർവേശ്വരനെ ഞാൻ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു; അവിടുന്നെന്റെ കാലുകളെ കെണിയിൽ നിന്നു വിടുവിക്കുന്നു.

16 നാഥാ, തൃക്കൺപാർത്താലും എന്നോടു കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും പീഡിതനുമാണല്ലോ.

17 മനഃക്ലേശങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.

18 എന്റെ കഷ്ടതയും വേദനയും ഓർത്ത് എന്റെ സകല പാപങ്ങളും ക്ഷമിക്കണമേ.

19 എന്റെ ശത്രുക്കൾ എത്ര വളരെയാണെന്നു കാണണമേ; അവർ എന്നെ എത്ര കഠിനമായി ദ്വേഷിക്കുന്നു;

20 അവിടുന്ന് എന്റെ ജീവനെ സംരക്ഷിക്കണമേ; ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ; ഞാൻ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നുവല്ലോ.

21 എന്റെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നുവല്ലോ.

22 ദൈവമേ, ഇസ്രായേൽജനതയെ സകല കഷ്ടതകളിൽനിന്നും വിടുവിക്കണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan