സങ്കീർത്തനങ്ങൾ 24 - സത്യവേദപുസ്തകം C.L. (BSI)മഹത്ത്വത്തിന്റെ രാജാവ് ദാവീദിന്റെ ഒരു സങ്കീർത്തനം 1 ഭൂമിയും അതിലുള്ള സമസ്തവും; ഭൂതലവും അതിലെ സർവനിവാസികളും സർവേശ്വരൻറേതത്രെ. 2 സമുദ്രങ്ങളുടെമേൽ അവിടുന്ന് അതിനെ സ്ഥാപിച്ചു; പ്രവാഹങ്ങളുടെമേൽ അവിടുന്ന് അതിനെ ഉറപ്പിച്ചു. 3 സർവേശ്വരന്റെ പർവതത്തിൽ ആർ കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആർ നില്‌ക്കും? 4 ചിന്തയിലും പ്രവൃത്തിയിലും നിർമ്മലനായവൻ. മിഥ്യാമൂർത്തികളെ ആരാധിക്കാത്തവനും കള്ളസ്സത്യം ചെയ്യാത്തവനുംതന്നെ. 5 സർവേശ്വരൻ അവനെ അനുഗ്രഹിക്കും, രക്ഷകനായ ദൈവം അവൻ നിർദോഷി എന്നു പ്രഖ്യാപിക്കും. 6 ഇങ്ങനെയുള്ളവരാണു ദൈവത്തെ ആരാധിക്കുന്ന ജനം. യാക്കോബിന്റെ ദൈവമേ, അവിടുത്തെ ദർശനം ആഗ്രഹിക്കുന്നവർ ഇവർതന്നെ. 7 പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ; പുരാതന കവാടങ്ങളേ, ഉയർന്നു നില്‌ക്കുവിൻ. മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ. 8 ആരാണ് മഹത്ത്വപൂർണനായ രാജാവ്? ശക്തനും വീരനുമായ സർവേശ്വരൻ, യുദ്ധവീരനായ അവിടുന്നുതന്നെ. 9 പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ, പുരാതനകവാടങ്ങളേ, ഉയർന്നു നില്‌ക്കുവിൻ; മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ. 10 ആരാണു മഹത്ത്വപൂർണനായ രാജാവ്? സർവശക്തനായ സർവേശ്വരൻതന്നെ. അവിടുന്നാണു മഹത്ത്വപൂർണനായ രാജാവ്. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India