Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 21 - സത്യവേദപുസ്തകം C.L. (BSI)


വിജയം നല്‌കിയതിനു കൃതജ്ഞത
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം

1 സർവേശ്വരാ, അവിടുത്തെ ശക്തിയിൽ രാജാവ് സന്തോഷിക്കുന്നു; അവിടുന്നു നല്‌കിയ വിജയത്തിൽ അദ്ദേഹം ആഹ്ലാദിക്കുന്നു.

2 അദ്ദേഹത്തിന്റെ അഭിലാഷം അവിടുന്നു നിറവേറ്റി; അപേക്ഷ നിഷേധിച്ചതുമില്ല.

3 ശ്രേഷ്ഠമായ അനുഗ്രഹങ്ങൾ നല്‌കി, അവിടുന്ന് അദ്ദേഹത്തെ എതിരേറ്റു; തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചു.

4 അദ്ദേഹം അവിടുത്തോടു ജീവൻ യാചിച്ചു; അവിടുന്ന് അതു നല്‌കി. സുദീർഘവും അനന്തവുമായ നാളുകൾ തന്നെ.

5 അവിടുത്തെ സഹായത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടുന്നു പ്രതാപവും മഹത്ത്വവും അദ്ദേഹത്തിന്റെമേൽ ചൊരിഞ്ഞു.

6 അവിടുന്ന് അദ്ദേഹത്തെ എന്നേക്കും അനുഗ്രഹപൂർണനാക്കി; തിരുസാന്നിധ്യത്തിന്റെ സന്തോഷത്താൽ ആനന്ദിപ്പിച്ചു.

7 രാജാവ് സർവേശ്വരനിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം നിർഭയനായിരിക്കും.

8 അങ്ങയുടെ കരം എല്ലാ ശത്രുക്കളെയും പിടിക്കും; അങ്ങയുടെ വലങ്കൈ അങ്ങയെ ദ്വേഷിക്കുന്നവരെ പിടിച്ചുകെട്ടും.

9 സർവേശ്വരൻ പ്രത്യക്ഷപ്പെടുമ്പോൾ അവിടുന്ന് അവരെ ജ്വലിക്കുന്ന ചൂളപോലെയാക്കും; അവിടുത്തെ ഉഗ്രരോഷം അവരെ വിഴുങ്ങും; അഗ്നി അവരെ ദഹിപ്പിക്കും.

10 അവിടുന്ന് അവരുടെ സന്തതികളെ ഭൂമുഖത്തുനിന്നും അവരുടെ മക്കളെ മനുഷ്യരുടെ ഇടയിൽ നിന്നും നശിപ്പിക്കും.

11 അവർ അങ്ങേക്കെതിരെ ദോഷം നിരൂപിച്ചാലും അങ്ങേക്കെതിരെ ദുഷ്ടപദ്ധതികൾ ആവിഷ്കരിച്ചാലും വിജയിക്കയില്ല.

12 അവിടുന്ന് അവരെ തുരത്തും; അവരുടെ മുഖത്തിനു നേരേ അസ്ത്രം എയ്യും.

13 സർവേശ്വരാ, അങ്ങയുടെ ശക്തിയാൽ അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തണമേ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ പാടിപ്പുകഴ്ത്തും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan