സങ്കീർത്തനങ്ങൾ 19 - സത്യവേദപുസ്തകം C.L. (BSI)ദൈവത്തിന്റെ മഹത്ത്വം ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം 1 ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു, ആകാശമണ്ഡലം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. 2 ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ച്, പകൽ പകലിനോടു നിരന്തരം സംസാരിക്കുന്നു; രാത്രി രാത്രിക്ക് ആ അറിവു പകരുന്നു. 3 വാക്കുകളില്ല, ഭാഷണമില്ല, ശബ്ദം കേൾക്കാനുമില്ല. 4 എങ്കിലും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകൾ ഭൂമിയുടെ അറുതിവരെ എത്തുന്നു; അവിടുന്നു സൂര്യന് ആകാശത്ത് ഒരു കൂടാരം സ്ഥാപിച്ചിരിക്കുന്നു. 5 മണവറയിൽനിന്നു മണവാളനെപ്പോലെ പുലർകാലത്ത് സൂര്യൻ അതിൽനിന്നു പുറത്തുവരുന്നു; ബലശാലിയെപ്പോലെ പ്രസന്നചിത്തനായി ഓടാൻ തുടങ്ങുന്നു. 6 ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതു പുറപ്പെടുന്നു, മറ്റേ അറ്റംവരെ അതു യാത്ര ചെയ്യുന്നു; അതിന്റെ ചൂടിൽനിന്ന് ഒന്നിനും ഒളിക്കാനാവുകയില്ല. 7 സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്; അത് ആത്മാവിനു നവജീവൻ നല്‌കുന്നു. സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്; അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. 8 സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം; അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്; അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു. 9 സർവേശ്വരനോടുള്ള ഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിധികൾ സത്യമായവ; അവ തികച്ചും നീതിയുക്തമാണ്. 10 അവ പൊന്നിനെയും തങ്കത്തെയുംകാൾ അഭികാമ്യം; തേനിനെയും തേൻകട്ടയെയുംകാൾ മധുരമുള്ളവ. 11 ഈ ധർമശാസ്ത്രമാണ് അവിടുത്തെ ദാസനു പ്രബോധനം നല്‌കുന്നത്. ഇതു പാലിക്കുന്നതുകൊണ്ട് എനിക്കു വളരെ പ്രതിഫലം ഉണ്ട്. 12 സ്വന്തം തെറ്റുകൾ ഗ്രഹിക്കാൻ ആർക്കു കഴിയും? അറിയാതെ ചെയ്തുപോകുന്ന തെറ്റുകളിൽ നിന്ന് എന്നെ രക്ഷിക്കണമേ. 13 ബോധപൂർവം ചെയ്യുന്ന പാപങ്ങളിൽനിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ. അവ എന്റെമേൽ ആധിപത്യം പുലർത്തരുതേ; അങ്ങനെ ഞാൻ കുറ്റമറ്റവനായിരിക്കും. അതിക്രമങ്ങളിൽനിന്നു വിമുക്തനുമായിരിക്കും. 14 എന്റെ അഭയശിലയും വിമോചകനുമായ സർവേശ്വരാ, എന്റെ വാക്കുകളും എന്റെ ചിന്തകളും തിരുസന്നിധിയിൽ സ്വീകാര്യമായിരിക്കേണമേ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India