Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 17 - സത്യവേദപുസ്തകം C.L. (BSI)


നിഷ്കളങ്കന്റെ പ്രാർഥന
ദാവീദിന്റെ പ്രാർഥന

1 പരമനാഥാ, നീതിക്കുവേണ്ടിയുള്ള എന്റെ യാചന കേൾക്കണമേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ. എന്റെ നിഷ്കപടമായ പ്രാർഥന കേൾക്കണമേ.

2 എന്നെ നിരപരാധിയായി പ്രഖ്യാപിക്കണമേ, അവിടുന്നു ന്യായം കാണണമേ.

3 എന്റെ ഹൃദയം പരിശോധിക്കുകയും രാത്രിയിൽ എന്നെ സന്ദർശിക്കുകയും എന്നെ പരീക്ഷിക്കുകയും ചെയ്താൽ അവിടുന്ന് എന്നിൽ തിന്മയൊന്നും കണ്ടെത്തുകയില്ല. ഞാൻ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല.

4 മറ്റുള്ളവരെപ്പോലെ ഞാൻ തിന്മ പ്രവർത്തിച്ചില്ല. അക്രമികളുടെ പാത ഞാൻ പിന്തുടർന്നില്ല. അവിടുത്തെ കല്പന ഞാൻ അനുസരിച്ചു.

5 അവിടുത്തെ വഴികളിലൂടെ ഞാൻ നടന്നു, അതിൽനിന്ന് എന്റെ കാൽ വഴുതിയില്ല.

6 ദൈവമേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടുന്ന് എനിക്കുത്തരമരുളുമല്ലോ, അവിടുന്ന് എങ്കലേക്കു തിരിഞ്ഞ് എന്റെ അപേക്ഷ കേൾക്കണമേ.

7 അങ്ങയിൽ അഭയം പ്രാപിക്കുന്നവരെ വലങ്കൈ നീട്ടി, ശത്രുക്കളിൽനിന്നു രക്ഷിക്കുന്ന നാഥാ, അവിടുത്തെ മഹത്തായ സ്നേഹം കാട്ടിയാലും.

8 കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ, അവിടുത്തെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊളളണമേ.

9 എന്നെ നശിപ്പിക്കുന്ന ദുഷ്ടരിൽനിന്നും എന്നെ വലയം ചെയ്യുന്ന കൊടിയ ശത്രുക്കളിൽനിന്നും എന്നെ രക്ഷിക്കണമേ.

10 അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല, അവരുടെ അധരങ്ങൾ വമ്പു പറയുന്നു,

11 അവർ എന്റെ കാലടികൾ പിന്തുടർന്ന് എന്നെ വളയുന്നു; അവർ എന്നെ നിലംപരിചാക്കാൻ തക്കംനോക്കുന്നു.

12 കടിച്ചുകീറാൻ വെമ്പൽകൊള്ളുന്ന സിംഹത്തെപ്പോലെയാണവർ. ആക്രമിക്കാൻ മറവിടങ്ങളിൽ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെ തന്നെ.

13 സർവേശ്വരാ, എഴുന്നേറ്റ് അവരെ എതിർത്തു തോല്പിക്കണമേ, അവിടുത്തെ വാൾകൊണ്ടു ദുഷ്ടരിൽനിന്ന് എന്നെ രക്ഷിക്കണമേ,

14 ലൗകികസുഖങ്ങൾ മാത്രം ഇച്ഛിക്കുന്ന മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ. അവിടുന്ന് ഒരുക്കിയിരിക്കുന്ന ശിക്ഷ അവർക്കു മതിവരുവോളം ലഭിക്കട്ടെ. അവരുടെ മക്കൾക്കും വേണ്ടുവോളം ലഭിക്കട്ടെ. മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങൾക്ക് ഇരിക്കട്ടെ.

15 നീതിനിമിത്തം ഞാൻ അവിടുത്തെ മുഖം ദർശിക്കും. ഉണരുമ്പോൾ ഞാൻ അങ്ങയെ ദർശിച്ചു തൃപ്തിയടയും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan