Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 147 - സത്യവേദപുസ്തകം C.L. (BSI)


സർവശക്തനായ ദൈവം

1 സർവേശ്വരനെ സ്തുതിക്കുവിൻ! നമ്മുടെ ദൈവത്തിനു സ്തുതിഗീതം ആലപിക്കുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തെ പാടി സ്തുതിക്കുന്നത് ഉചിതംതന്നെ.

2 സർവേശ്വരൻ യെരൂശലേമിനെ പണിയുന്നു. അവിടുന്നു പ്രവാസികളായ ഇസ്രായേല്യരെ തിരികെ കൊണ്ടുവരുന്നു.

3 മനം തകർന്നവർക്ക് അവിടുന്നു സൗഖ്യം നല്‌കുന്നു. അവരുടെ മുറിവുകൾ വച്ചുകെട്ടുന്നു.

4 അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു. അവയ്‍ക്കെല്ലാം അവിടുന്നു പേരു നല്‌കുന്നു.

5 നമ്മുടെ സർവേശ്വരൻ വലിയവനും സർവശക്തനുമാകുന്നു. അവിടുത്തെ ജ്ഞാനത്തിന് അതിരില്ല.

6 സർവേശ്വരൻ എളിയവരെ ഉയർത്തുന്നു. അവിടുന്നു ദുഷ്ടരെ നിലംപരിചാക്കുന്നു.

7 സർവേശ്വരനു സ്തോത്രഗീതം ആലപിക്കുവിൻ; കിന്നരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ;

8 അവിടുന്നു ആകാശത്തെ മേഘംകൊണ്ടു മൂടുന്നു അവിടുന്നു ഭൂമിക്കു മഴ നല്‌കുന്നു. മലകളിൽ പുല്ലു മുളപ്പിക്കുന്നു.

9 അവിടുന്നു മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നല്‌കുന്നു.

10 അശ്വബലത്തിലോ യോദ്ധാക്കളുടെ ഭുജബലത്തിലോ അവിടുന്നു സന്തോഷിക്കുന്നില്ല.

11 അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ശരണപ്പെടുകയും ചെയ്യുന്നവരിലാണ് സർവേശ്വരൻ പ്രസാദിക്കുന്നത്.

12 യെരൂശലേമേ, സർവേശ്വരനെ സ്തുതിക്കുക, സീയോനേ, നിന്റെ ദൈവത്തെ പ്രകീർത്തിക്കുക.

13 അവിടുന്നു നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ഉറപ്പിക്കുന്നു. നിന്റെ കോട്ടയ്‍ക്കുള്ളിലെ ജനത്തെ അവിടുന്നു അനുഗ്രഹിക്കുന്നു.

14 അവിടുന്നു നിന്റെ അതിർത്തികളിൽ സമാധാനം കൈവരുത്തുന്നു. മേത്തരം കോതമ്പുകൊണ്ടു നിനക്കു തൃപ്തി വരുത്തുന്നു.

15 സർവേശ്വരൻ ഭൂമിയിലേക്ക് ആജ്ഞ അയയ്‍ക്കുന്നു. അവിടുത്തെ വചനം പാഞ്ഞെത്തുന്നു.

16 അവിടുന്നു പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു. ചാരംപോലെ തൂമഞ്ഞ് വിതറുന്നു.

17 അവിടുന്ന് മഞ്ഞുകട്ട അപ്പംപോലെ വീഴ്ത്തുന്നു. അവിടുന്ന് അയയ്‍ക്കുന്ന ശൈത്യം സഹിച്ചുനില്‌ക്കാൻ ആർക്കു കഴിയും?

18 അവിടുത്തെ കല്പനയാൽ അവ ഉരുകുന്നു. അവിടുന്നു കാറ്റടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.

19 അവിടുന്നു യാക്കോബ്‍വംശജർക്കു തന്റെ കല്പനകളും ഇസ്രായേൽജനത്തിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും നല്‌കുന്നു.

20 മറ്റൊരു ജനതയ്‍ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ പ്രവർത്തിച്ചിട്ടില്ല. അവിടുത്തെ പ്രമാണങ്ങൾ അവർക്ക് അറിഞ്ഞുകൂടാ, സർവേശ്വരനെ സ്തുതിക്കുവിൻ!

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan