സങ്കീർത്തനങ്ങൾ 146 - സത്യവേദപുസ്തകം C.L. (BSI)രക്ഷകനായ ദൈവത്തിനു സ്തോത്രം 1 സർവേശ്വരനെ സ്തുതിക്കുവിൻ, എന്റെ ആത്മാവേ, സർവേശ്വരനെ സ്തുതിക്കുക, 2 എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ സ്തുതിക്കും. ജീവകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു സ്തുതിഗീതം പാടും. 3 പ്രഭുക്കന്മാരിൽ ആശ്രയം വയ്‍ക്കരുത്; മനുഷ്യരിൽ ശരണപ്പെടരുത്; അവർക്ക് സഹായിക്കാൻ കഴിയുകയില്ല. 4 ശ്വാസം പോകുമ്പോൾ അവർ മണ്ണിലേക്കു മടങ്ങുന്നു. അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു. 5 യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ, തന്റെ ദൈവമായ സർവേശ്വരനിൽ പ്രത്യാശ വയ്‍ക്കുന്നവൻ, അനുഗൃഹീതൻ. 6 അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ചത്. അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു. 7 അവിടുന്നു പീഡിതർക്ക് നീതി നടത്തിക്കൊടുക്കുന്നു. വിശക്കുന്നവർക്ക് ആഹാരം നല്‌കുന്നു. സർവേശ്വരൻ ബദ്ധരെ മോചിപ്പിക്കുന്നു. 8 സർവേശ്വരൻ അന്ധർക്കു കാഴ്ച നല്‌കുന്നു. അവിടുന്നു കൂനുള്ളവരെ നേരെ നില്‌ക്കുമാറാക്കുന്നു, നീതിമാന്മാരെ സ്നേഹിക്കുന്നു. 9 സർവേശ്വരൻ പരദേശികളെ പരിപാലിക്കുന്നു. അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു. എന്നാൽ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു. 10 സർവേശ്വരൻ എന്നേക്കും രാജാവായി വാഴുന്നു. സീയോനേ, നിന്റെ ദൈവം എക്കാലവും വാഴും. സർവേശ്വരനെ സ്തുതിക്കുവിൻ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India