സങ്കീർത്തനങ്ങൾ 143 - സത്യവേദപുസ്തകം C.L. (BSI)സഹായത്തിനുവേണ്ടിയുള്ള പ്രാർഥന ദാവീദിന്റെ സങ്കീർത്തനം 1 സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ യാചന ശ്രദ്ധിക്കണമേ. അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നു വിശ്വസ്തനും നീതിമാനുമല്ലോ. 2 ഈ ദാസനെ ന്യായവിധിക്ക് ഏല്പിക്കരുതേ. ഒരുവനും തിരുസന്നിധിയിൽ നീതിമാനല്ലല്ലോ. 3 ശത്രു എന്നെ പിന്തുടരുന്നു, അവൻ എന്നെ പൂർണമായി കീഴ്പെടുത്തിയിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവൻ എന്നെ ഇരുട്ടിൽ തള്ളിയിരിക്കുന്നു. 4 ഞാൻ ആകെ തളർന്നിരിക്കുന്നു. ഞാൻ നിരാശനായിത്തീർന്നിരിക്കുന്നു. 5 കഴിഞ്ഞ നാളുകൾ ഞാൻ ഓർക്കുന്നു. അവിടുന്നു ചെയ്ത എല്ലാ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു. അവിടുത്തെ പ്രവൃത്തികൾ ഞാൻ ചിന്തിക്കുന്നു. 6 ഞാൻ അങ്ങയുടെ അടുക്കലേക്കു കൈകൾ നീട്ടുന്നു. ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അങ്ങേക്കായി ദാഹിക്കുന്നു. 7 സർവേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ. ഞാൻ ആകെ തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ. അല്ലെങ്കിൽ ഞാൻ പാതാളത്തിൽ പതിക്കുന്നവരെപ്പോലെ ആകുമല്ലോ. 8 പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് എന്നെ കേൾപ്പിക്കണമേ. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ. ഞാൻ പോകേണ്ട വഴി എനിക്കു കാണിച്ചു തരണമേ. അങ്ങയോടാണല്ലോ ഞാൻ പ്രാർഥിക്കുന്നത്. 9 സർവേശ്വരാ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ. അഭയം തേടി ഞാൻ അങ്ങയുടെ അടുക്കലേക്ക് ഓടിവരുന്നു. 10 തിരുഹിതം നിറവേറ്റാൻ എന്നെ പഠിപ്പിക്കണമേ. അവിടുന്നാണല്ലോ എന്റെ ദൈവം. അങ്ങയുടെ നല്ല ആത്മാവ് എന്നെ സുരക്ഷിതമായ പാതയിലൂടെ നയിക്കട്ടെ. 11 സർവേശ്വരാ, തിരുനാമത്തെപ്രതി എന്നെ പരിപാലിക്കണമേ. അവിടുത്തെ നീതിയാൽ എന്നെ കഷ്ടതയിൽ നിന്നു വിടുവിക്കണമേ. 12 എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹത്താൽ, എന്റെ ശത്രുക്കളെ സംഹരിക്കണമേ. എന്റെ സകല വൈരികളെയും നശിപ്പിക്കണമേ. ഞാൻ അങ്ങയുടെ ദാസനല്ലോ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India