സങ്കീർത്തനങ്ങൾ 141 - സത്യവേദപുസ്തകം C.L. (BSI)ആശ്രയത്തിനായി അപേക്ഷിക്കുന്നു ദാവീദിന്റെ സങ്കീർത്തനം 1 സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ സഹായത്തിനായി വേഗം വരണമേ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർഥന കേൾക്കണമേ. 2 എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപാർപ്പണമായും കൈകൾ ഉയർത്തുന്നതു സായാഹ്നയാഗമായും സ്വീകരിക്കണമേ. 3 സർവേശ്വരാ, എന്റെ വായ്‍ക്കു കാവൽ ഏർപ്പെടുത്തണമേ, എന്റെ നാവിനു കടിഞ്ഞാണിടണമേ. 4 എന്റെ ഹൃദയം തിന്മയിലേക്കു ചായുവാൻ അനുവദിക്കരുതേ. ദുഷ്കർമികളോടുകൂടി ദുഷ്പ്രവൃത്തികളിൽ ഏർപ്പെടാൻ എനിക്ക് ഇടയാക്കരുതേ. അവരുടെ ഇഷ്ടഭോജ്യങ്ങൾ ഭക്ഷിക്കാൻ എനിക്ക് ഇടവരുത്തരുതേ, 5 എന്റെ നന്മയ്‍ക്കുവേണ്ടി നീതിമാൻ എന്നെ അടിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ. എന്നാൽ ദുഷ്ടൻ എന്റെ ശിരസ്സിൽ തൈലം പൂശി എന്നെ ആദരിക്കാതിരിക്കട്ടെ. അവരുടെ ദുർവൃത്തികൾക്കെതിരെയാണല്ലോ എന്റെ നിരന്തരമായ പ്രാർഥന. 6 അവരുടെ ന്യായാധിപന്മാരെ പാറയിൽനിന്നു താഴേക്കു തള്ളിയിടുമ്പോൾ, എന്റെ വാക്കുകൾ സത്യമെന്നു ജനം അറിയും. 7 വിറകു കീറിയിട്ടിരിക്കുന്നതുപോലെ, അവരുടെ അസ്ഥികൾ പാതാളവാതില്‌ക്കൽ ചിതറിക്കിടക്കും. 8 ദൈവമായ സർവേശ്വരാ, ഞാൻ അങ്ങയെ നോക്കുന്നു. ഞാൻ അങ്ങയിൽ അഭയം തേടുന്നു. അരക്ഷിതനായി എന്നെ ഉപേക്ഷിക്കരുതേ. 9 അവർ എനിക്കുവേണ്ടി ഒരുക്കിയ കെണിയിൽ നിന്നു, ദുഷ്ടമനുഷ്യരുടെ കെണിയിൽനിന്നു തന്നെ, എന്നെ രക്ഷിക്കണമേ. 10 ദുഷ്ടർ സ്വന്തം വലകളിൽതന്നെ അകപ്പെടട്ടെ. ഞാനോ രക്ഷപെടട്ടെ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India