സങ്കീർത്തനങ്ങൾ 140 - സത്യവേദപുസ്തകം C.L. (BSI)സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാർഥന ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം 1 സർവേശ്വരാ, ദുഷ്ടരിൽനിന്ന് എന്നെ രക്ഷിക്കണമേ, അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. 2 അവർ ദുഷ്ടപദ്ധതികൾ നിരൂപിക്കുന്നു. നിരന്തരം അവർ കലഹങ്ങൾ ഇളക്കിവിടുന്നു. 3 അവരുടെ നാവ് വിഷസർപ്പംപോലെ മാരകമാണ്. അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷമുണ്ട്; 4 സർവേശ്വരാ, ദുഷ്ടന്മാരിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ മറിച്ചിടാൻ ശ്രമിക്കുന്ന അക്രമികളിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. 5 അഹങ്കാരികൾ എനിക്കുവേണ്ടി കെണി ഒരുക്കിയിരിക്കുന്നു. അവർ എനിക്കായി വല വിരിച്ചിരിക്കുന്നു. വഴിയരികിൽ അവർ എനിക്കു കെണി വച്ചിരിക്കുന്നു. 6 ‘അങ്ങാണെന്റെ ദൈവം’ എന്നു ഞാൻ സർവേശ്വരനോടു പറയുന്നു. പരമനാഥാ, എന്റെ യാചനകൾക്കു മറുപടി നല്‌കിയാലും. 7 സർവേശ്വരാ, എന്റെ സർവേശ്വരാ, എന്റെ മഹാരക്ഷകാ, യുദ്ധദിവസം അങ്ങ് എന്നെ ശിരോകവചം അണിയിച്ചു. 8 പരമനാഥാ, ദുഷ്ടന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതേ; അവരുടെ ദുരുപായങ്ങൾ സഫലമാക്കരുതേ. 9 എന്നെ വളഞ്ഞിരിക്കുന്നവർ തല ഉയർത്തുന്നു. അവരുടെ ഭീഷണികൾ അവരുടെമേൽ പതിക്കട്ടെ. 10 തീക്കനൽ അവരുടെമേൽ വീഴട്ടെ. എഴുന്നേല്‌ക്കാനാവാത്തവിധം അവർ കുഴിയിൽ എറിയപ്പെടട്ടെ. 11 ഏഷണിക്കാരൻ ദേശത്തു നിലനില്‌ക്കാതിരിക്കട്ടെ. അക്രമിയെ അനർഥം വേഗം വേട്ടയാടി നശിപ്പിക്കട്ടെ. 12 സർവേശ്വരൻ പീഡിതനു നീതിയും ദരിദ്രനു ന്യായവും നടത്തിക്കൊടുക്കുന്നു എന്നു ഞാനറിയുന്നു. 13 നീതിമാന്മാർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കും. പരമാർഥഹൃദയമുള്ളവർ തിരുസന്നിധിയിൽ വസിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India