Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 138 - സത്യവേദപുസ്തകം C.L. (BSI)


സ്തോത്രപ്രാർഥന
ദാവീദിന്റെ സങ്കീർത്തനം

1 സർവേശ്വരാ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നു. ദേവന്മാരുടെ മുമ്പിൽ ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു.

2 ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്കു നോക്കി നമസ്കരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം, ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നു. അങ്ങയുടെ നാമവും വാഗ്ദാനങ്ങളും സമുന്നതമാണ്.

3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടുന്ന് എനിക്കുത്തരമരുളി. ശക്തി പകർന്ന് അവിടുന്ന് എന്നെ ബലപ്പെടുത്തിയിരിക്കുന്നു.

4 സർവേശ്വരാ, ഭൂമിയിലെ സകല രാജാക്കന്മാരും അങ്ങയുടെ വാക്കുകൾ കേട്ട്, അങ്ങേക്കു സ്തോത്രം അർപ്പിക്കും.

5 സർവേശ്വരന്റെ പ്രവൃത്തികളെക്കുറിച്ചു അവർ പാടും, അവിടുത്തെ മഹത്ത്വം വലിയതാണല്ലോ.

6 സർവേശ്വരൻ അത്യുന്നതനെങ്കിലും എളിയവരെ കടാക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്ന് അകലെ നിന്നുതന്നെ അറിയുന്നു.

7 കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു.

8 എന്നെക്കുറിച്ചുള്ള തിരുഹിതം അവിടുന്നു നിറവേറ്റും. പരമനാഥാ, അവിടുത്തെ സ്നേഹം ശാശ്വതമാണ്. തൃക്കരങ്ങളുടെ സൃഷ്‍ടിയെ ഉപേക്ഷിക്കരുതേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan