സങ്കീർത്തനങ്ങൾ 137 - സത്യവേദപുസ്തകം C.L. (BSI)പ്രവാസികളുടെ വിലാപം 1 ബാബിലോൺ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തു ഞങ്ങൾ കരഞ്ഞു. 2 അവിടെയുള്ള അലരി വൃക്ഷക്കൊമ്പുകളിൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു. 3 ഞങ്ങളെ ബന്ധിച്ചുകൊണ്ടുപോയവർ, സീയോൻ ഗീതങ്ങളാലപിക്കാൻ ഞങ്ങളോടാവശ്യപ്പെട്ടു. ഞങ്ങളെ പീഡിപ്പിച്ചവർ ആ ഗീതങ്ങൾ ആലപിച്ച് അവരെ സന്തോഷിപ്പിക്കാൻ പറഞ്ഞു. 4 അന്യദേശത്തു ഞങ്ങൾ എങ്ങനെ സർവേശ്വരന്റെ ഗീതം പാടും? 5 യെരൂശലേമേ, ഞാൻ നിന്നെ മറക്കുന്നെങ്കിൽ! എന്റെ വലങ്കൈ എന്നെ മറന്നുപോകട്ടെ. 6 യെരൂശലേമേ, ഞാൻ നിന്നെ വിസ്മരിച്ചാൽ, എന്റെ പരമാനന്ദമായി നിന്നെ കരുതുന്നില്ലെങ്കിൽ, എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിപ്പോകട്ടെ. 7 “തകർത്തുകളയുക, അടിസ്ഥാനംവരെ ഇടിച്ചുനിരത്തുക.” എന്നു യെരൂശലേമിന്റെ പതനനാളിൽ എദോമ്യർ പറഞ്ഞത് അങ്ങ് ഓർക്കണമേ. 8 വിനാശം അടുത്തിരിക്കുന്ന ബാബിലോണേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ അനുഗൃഹീതൻ. 9 നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിക്കുന്നവൻ അനുഗൃഹീതൻ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India