സങ്കീർത്തനങ്ങൾ 122 - സത്യവേദപുസ്തകം C.L. (BSI)യെരൂശലേമിനുവേണ്ടിയുള്ള പ്രാർഥന ദാവീദിന്റെ ഒരു ആരോഹണഗീതം 1 സർവേശ്വരന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. 2 യെരൂശലേമേ, ഞങ്ങൾ ഇതാ നിന്റെ കവാടങ്ങൾക്കുള്ളിൽ വന്നിരിക്കുന്നു. 3 ഉറപ്പായി പണിതിണക്കിയ നഗരമാണു യെരൂശലേം, 4 അവിടേക്കു ഗോത്രങ്ങൾ വരുന്നു; സർവേശ്വരനെ ആരാധിക്കുന്ന ഗോത്രങ്ങൾ തന്നെ. ഇസ്രായേലിനോടു കല്പിച്ച പ്രകാരം സർവേശ്വരനു സ്തോത്രം അർപ്പിക്കാൻ അവർ വരുന്നു. 5 അവിടെ ന്യായാസനങ്ങൾ-ദാവീദുവംശജരായ രാജാക്കന്മാരുടെ സിംഹാസനങ്ങൾ- സ്ഥാപിക്കപ്പെട്ടിരിക്കുന്നു. 6 യെരൂശലേമിന്റെ സമാധാനത്തിനുവേണ്ടി പ്രാർഥിക്കുവിൻ. “നിന്നെ സ്നേഹിക്കുന്നവർക്ക് ഐശ്വര്യമുണ്ടാകട്ടെ. 7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും നിന്റെ ഗോപുരങ്ങളിൽ സുരക്ഷിതത്വവും ഉണ്ടായിരിക്കട്ടെ.” 8 എന്റെ സഹോദരന്മാരോടും സുഹൃത്തുക്കളോടുമുള്ള സ്നേഹംകൊണ്ട് ഞാൻ ആശംസിക്കുന്നു. “നിനക്കു സമാധാനം ഉണ്ടായിരിക്കട്ടെ!” 9 നമ്മുടെ ദൈവമായ സർവേശ്വരന്റെ ആലയത്തോടുള്ള സ്നേഹംകൊണ്ട്, ഞാൻ നിനക്കു നന്മ നേരും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India