സങ്കീർത്തനങ്ങൾ 119 - സത്യവേദപുസ്തകം C.L. (BSI)ധർമശാസ്ത്രത്തെക്കുറിച്ചുള്ള ധ്യാനം ആലേഫ് എബ്രായ അക്ഷരമാലക്രമം അനുസരിച്ച് എട്ടു വാക്യങ്ങളുള്ള ഇരുപത്തിരണ്ട് ഭാഗങ്ങളായി ഈ സങ്കീർത്തനം മൂലഭാഷയിൽ തിരിച്ചിരിക്കുന്നു. ഓരോ ഭാഗവും അക്ഷരമാലയിലെ ഓരോ അക്ഷരംകൊണ്ട് ആരംഭിക്കുന്നു. 1 സർവേശ്വരന്റെ ധർമശാസ്ത്രം അനുസരിച്ച്, നിഷ്കളങ്കരായി ജീവിക്കുന്നവർ അനുഗൃഹീതർ. 2 അവിടുത്തെ കല്പനകൾ പാലിക്കുന്നവർ, പൂർണഹൃദയത്തോടെ അവിടുത്തെ അനുസരിക്കുന്നവർ അനുഗൃഹീതർ. 3 അവർ തിന്മയൊന്നും ചെയ്യുന്നില്ല. അവിടുത്തെ വഴികളിൽതന്നെ അവർ ചരിക്കുന്നു. 4 അവിടുത്തെ പ്രമാണങ്ങൾ ശുഷ്കാന്തിയോടെ പാലിക്കുന്നതിന്, അങ്ങ് ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. 5 അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്നു ഞാൻ ഇളകാതിരുന്നെങ്കിൽ! 6 എങ്കിൽ, അങ്ങയുടെ കല്പനകളിൽ ദൃഷ്‍ടി പതിപ്പിച്ച എനിക്ക് ഒരിക്കലും ലജ്ജിതനാകേണ്ടിവരികയില്ല. 7 അവിടുത്തെ നീതിനിഷ്ഠമായ ശാസനകൾ പഠിക്കുമ്പോൾ, ഞാൻ നിഷ്കളങ്കഹൃദയത്തോടെ അവിടുത്തെ സ്തുതിക്കും. 8 അവിടുത്തെ ചട്ടങ്ങൾ ഞാൻ അനുസരിക്കും. എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ! ബേത്ത് 9 ഒരു യുവാവിന് എങ്ങനെ നിർമ്മലനായി ജീവിക്കാൻ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാൽ തന്നെ. 10 ഞാൻ സർവാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകൾ വിട്ടുനടക്കാൻ എനിക്ക് ഇടയാകരുതേ. 11 അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാൻ, അവിടുത്തെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. 12 സർവേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. 13 അവിടുന്നു നല്‌കിയ കല്പനകൾ, ഞാൻ പ്രഘോഷിക്കും. 14 സമ്പൽസമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകൾ അനുസരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. 15 അവിടുത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കും. അവിടുത്തെ വഴികളിൽ ഞാൻ ദൃഷ്‍ടിയൂന്നും. 16 അവിടുത്തെ ചട്ടങ്ങളിൽ ഞാൻ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാൻ വിസ്മരിക്കുകയില്ല. ഗീമെൽ 17 സർവേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ. ഞാൻ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ. 18 അങ്ങയുടെ ധർമശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ. 19 ഞാൻ ഭൂമിയിൽ പരദേശിയാണല്ലോ. അങ്ങയുടെ കല്പനകൾ എന്നിൽനിന്നു മറച്ചുവയ്‍ക്കരുതേ. 20 അങ്ങയുടെ കല്പനകൾക്കുവേണ്ടിയുള്ള, അഭിവാഞ്ഛയാൽ എന്റെ മനസ്സു കത്തുന്നു. 21 അങ്ങയുടെ കല്പനകൾ തെറ്റി നടക്കുന്ന ശപിക്കപ്പെട്ട അഹങ്കാരികളെ അങ്ങു ശാസിക്കുന്നു. 22 അവർ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യാതിരിക്കട്ടെ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കുന്നുവല്ലോ. 23 പ്രഭുക്കന്മാർ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാൽ അവിടുത്തെ ദാസൻ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. 24 അവിടുത്തെ കല്പനകൾ എനിക്ക് ആനന്ദം നല്‌കുന്നു. അവയാണ് എന്റെ ഉപദേഷ്ടാക്കൾ. ദാലെത്ത് 25 ഞാൻ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. 26 എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. 27 അവിടുത്തെ പ്രമാണങ്ങൾ നിർദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാൻ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ധ്യാനിക്കും. 28 ദുഃഖത്താൽ എന്റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ. 29 ദുർമാർഗത്തിൽ നടക്കാൻ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂർവം അവിടുത്തെ ധർമശാസ്ത്രം എന്നെ പഠിപ്പിക്കണമേ. 30 സത്യത്തിന്റെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാൻ എപ്പോഴും ബോധവാനാണ്. 31 പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാൻ പറ്റിച്ചേർന്നിരിക്കുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരുത്തരുതേ. 32 അവിടുന്ന് എനിക്കു കൂടുതൽ വിവേകം നല്‌കുമ്പോൾ, ഞാൻ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാർഗത്തിൽ ചരിക്കും. ഹേ 33 സർവേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാൻ അവ പാലിക്കും. 34 അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. 35 അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാൻ അതിൽ ആനന്ദിക്കുന്നു. 36 ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ. 37 വ്യർഥമായവയിൽനിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളിൽ നടക്കാൻ എനിക്കു നവജീവൻ നല്‌കിയാലും. 38 അങ്ങയുടെ ഭക്തർക്കു നല്‌കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ! 39 ഞാൻ ഭയപ്പെടുന്ന അപമാനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകൾ ഉത്തമമാണല്ലോ. 40 അവിടുത്തെ പ്രമാണങ്ങൾ പാലിക്കാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാൽ എനിക്കു നവജീവൻ നല്‌കണമേ. വൌ 41 ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ. 42 അപ്പോൾ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാൻ ഞാൻ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാൻ ശരണപ്പെടുന്നത്. 43 എല്ലായ്പോഴും സത്യം സംസാരിക്കാൻ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാൻ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്. 44 അവിടുത്തെ ധർമശാസ്ത്രം ഞാൻ ഇടവിടാതെ എന്നേക്കും പാലിക്കും. 45 അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നതുകൊണ്ടു ഞാൻ സ്വതന്ത്രനായി വ്യാപരിക്കും. 46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും, അവിടുത്തെ കല്പനകൾ പ്രസ്താവിക്കും. 47 ഞാൻ അവിടുത്തെ കല്പനകളിൽ ആനന്ദിക്കുന്നു. ഞാൻ അവയെ സ്നേഹിക്കുന്നു. 48 ഞാൻ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കും. സയിൻ 49 സർവേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓർക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്. 50 അവിടുത്തെ വാഗ്ദാനം എനിക്കു നവജീവൻ നല്‌കുന്നു. അതാണ് എനിക്കു കഷ്ടതയിൽ ആശ്വാസം നല്‌കുന്നത്. 51 അഹങ്കാരികൾ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധർമശാസ്ത്രത്തിൽ നിന്നു ഞാൻ വ്യതിചലിക്കുന്നില്ല. 52 പണ്ടേയുള്ള അവിടുത്തെ കല്പനകൾ ഞാൻ ഓർക്കുന്നു. പരമനാഥാ, ഞാൻ അവയിൽ ആശ്വാസം കണ്ടെത്തുന്നു. 53 ദുഷ്ടന്മാർ അവിടുത്തെ ധർമശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോൾ എന്നിൽ കോപം ജ്വലിക്കുന്നു. 54 പരദേശിയായി ഞാൻ പാർക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങൾ എന്റെ കീർത്തനങ്ങളായിരിക്കുന്നു. 55 സർവേശ്വരാ, രാത്രിയിൽ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധർമശാസ്ത്രം ഞാൻ പാലിക്കുന്നു. 56 അങ്ങയുടെ കല്പനകൾ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. ഹേത്ത് 57 സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. 58 പൂർണഹൃദയത്തോടെ ഞാൻ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. 59 ഞാൻ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാൻ തിരിഞ്ഞു. 60 അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു. 61 ദുഷ്ടരുടെ കെണിയിൽ ഞാൻ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധർമശാസ്ത്രം ഞാൻ മറക്കുന്നില്ല. 62 അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കുവേണ്ടി അങ്ങയെ സ്തുതിക്കാൻ അർധരാത്രിയിൽ ഞാൻ എഴുന്നേല്‌ക്കുന്നു. 63 ഞാൻ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നവരുടെ തന്നെ. 64 പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. തേത്ത് 65 സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു. 66 എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്‌കണമേ. അവിടുത്തെ കല്പനകളിൽ ഞാൻ വിശ്വസിക്കുന്നുവല്ലോ. 67 കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ വചനം അനുസരിക്കുന്നു. 68 അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. 69 അഹങ്കാരികൾ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നു. 70 അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നു. 71 കഷ്ടതകൾ വന്നത് എനിക്കു നന്മയായിത്തീർന്നു. അവിടുത്തെ ചട്ടങ്ങൾ പഠിക്കാൻ അതു കാരണമായിത്തീർന്നു. 72 ആയിരമായിരം പൊൻവെള്ളി നാണയങ്ങളെക്കാൾ, അവിടുത്തെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന ധർമശാസ്ത്രം എനിക്കു വിലപ്പെട്ടത്. യോദ് 73 പരമനാഥാ, തൃക്കരങ്ങൾ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകൾ പഠിക്കാൻ എനിക്കു വിവേകം നല്‌കണമേ. 74 അങ്ങയുടെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്, അങ്ങയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കും. 75 പരമനാഥാ, അവിടുത്തെ വിധികൾ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. 76 അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താൽ എന്നെ ആശ്വസിപ്പിക്കണമേ. 77 അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അങ്ങനെ ഞാൻ ജീവിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിൽ ഞാൻ ആനന്ദംകൊള്ളുന്നു. 78 അഹങ്കാരികൾ ലജ്ജിതരാകട്ടെ. അവർ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാൽ ഞാൻ അവിടുത്തെ പ്രമാണങ്ങൾ ധ്യാനിക്കും. 79 അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകൾ അറിയുന്നവരും എന്നോടൊത്തുചേരട്ടെ. 80 ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങൾ അനുസരിക്കും. ഞാൻ ലജ്ജിതനാകാതിരിക്കട്ടെ. കഫ് 81 ഞാൻ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. 82 അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാൻ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോൾ എന്നെ ആശ്വസിപ്പിക്കും? 83 പുകയേറ്റ തോൽക്കുടം പോലെയായി ഞാൻ. എങ്കിലും ഞാൻ അങ്ങയുടെ ചട്ടങ്ങൾ മറന്നിട്ടില്ല. 84 എത്രനാൾ അവിടുത്തെ ദാസൻ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? 85 അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികൾ എന്നെ വീഴ്ത്താൻ കുഴി കുഴിച്ചിരിക്കുന്നു. 86 അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവർ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. 87 അവർ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു. 88 അങ്ങയുടെ സുസ്ഥിരസ്നേഹത്താൽ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളെ ഞാൻ അനുസരിക്കട്ടെ. ലാമെദ് 89 പരമനാഥാ, അങ്ങയുടെ വചനം സ്വർഗത്തിൽ എന്നേക്കും സുസ്ഥിരമാകുന്നു. 90 അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്‌ക്കുന്നു. 91 സർവസൃഷ്‍ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്‌ക്കുന്നു. അവ അവിടുത്തെ ദാസരാണല്ലോ. 92 അങ്ങയുടെ ധർമശാസ്ത്രം എന്റെ ആനന്ദമായിരുന്നില്ലെങ്കിൽ എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. 93 അവിടുത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല. അവയാൽ അവിടുന്നു എനിക്ക് നവജീവൻ നല്‌കിയിരിക്കുന്നു. 94 ഞാൻ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! ഞാൻ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ. 95 ദുഷ്ടന്മാർ എന്നെ നശിപ്പിക്കാൻ പതിയിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നു. 96 എല്ലാം ഒരു പരിധിവരെയേ പൂർണമാകൂ എന്ന് എനിക്കറിയാം. എന്നാൽ അവിടുത്തെ കല്പനകൾ നിസ്സീമമാണ്. മേം 97 പരമനാഥാ, അവിടുത്തെ ധർമശാസ്ത്രത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു; ഇടവിടാതെ ഞാൻ അതു ധ്യാനിക്കുന്നു. 98 അവിടുത്തെ കല്പനകൾ എപ്പോഴും എന്നോടുകൂടെയുണ്ട്. അവ എന്നെ എന്റെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കുന്നു. 99 അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ ഗുരുക്കന്മാരെക്കാൾ ഞാൻ അറിവുള്ളവനായിരിക്കുന്നു. 100 ഞാൻ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നതുകൊണ്ട്, വയോധികരിലും വിവേകമുള്ളവനായി തീർന്നിരിക്കുന്നു. 101 അങ്ങയുടെ വചനം അനുസരിക്കാൻവേണ്ടി, എല്ലാ ദുർമാർഗങ്ങളിൽനിന്നും ഞാൻ പിന്തിരിയുന്നു. 102 ഞാൻ അങ്ങയുടെ കല്പനകളിൽനിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്. 103 അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്റെ വായ്‍ക്ക് തേനിനെക്കാൾ മധുരമുള്ളത്. 104 അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാൻ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാർഗങ്ങളോട് എനിക്കു വെറുപ്പാണ്. നൂൻ 105 അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്‍ക്കു പ്രകാശവുമാകുന്നു. 106 അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും. 107 ഞാൻ അത്യധികം കഷ്ടതയിലായിരിക്കുന്നു. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. 108 പരമനാഥാ, ഞാനർപ്പിക്കുന്ന സ്തോത്രങ്ങൾ സ്വീകരിക്കണമേ. അവിടുത്തെ കല്പനകൾ എന്നെ പഠിപ്പിക്കണമേ. 109 എന്റെ പ്രാണൻ എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാൻ അവിടുത്തെ ധർമശാസ്ത്രം മറക്കുന്നില്ല. 110 ദുഷ്ടന്മാർ എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങളിൽ നിന്നു വ്യതിചലിക്കുന്നില്ല. 111 അങ്ങയുടെ കല്പനകളാണ് എന്റെ ശാശ്വതാവകാശം; അവ എന്റെ ആനന്ദമാകുന്നു. 112 അങ്ങയുടെ ചട്ടങ്ങൾ എന്നേക്കും പാലിക്കുമെന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. സാമെക് 113 കപടഹൃദയമുള്ളവരെ ഞാൻ വെറുക്കുന്നു. എന്നാൽ ഞാൻ അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. 114 എന്റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. 115 ദുഷ്കർമികളേ, എന്നെ വിട്ടുപോകുവിൻ, ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ. 116 എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാൻ ജീവിച്ചിരിക്കട്ടെ; എന്റെ പ്രത്യാശ അപമാനകാരണമാകരുതേ. 117 എന്നെ താങ്ങണമേ. ഞാൻ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാൻ എപ്പോഴും ആദരിക്കട്ടെ. 118 അങ്ങയുടെ ചട്ടങ്ങളിൽനിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യർഥമാണ്. 119 ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാൻ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു. 120 അങ്ങയോടുള്ള ഭയത്താൽ എന്റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാൻ ഭയപ്പെടുന്നു. അയിൻ 121 നീതിയും ന്യായവുമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. മർദകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. 122 അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ. അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. 123 അവിടുത്തെ രക്ഷയും നീതിപൂർവമായ വാഗ്ദാനത്തിന്റെ പൂർത്തീകരണവും കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. 124 അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വർത്തിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. 125 ഞാൻ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകൾ ഗ്രഹിക്കാൻ എനിക്കു വിവേകം നല്‌കണമേ. 126 സർവേശ്വരാ, അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധർമശാസ്ത്രം അവർ ലംഘിച്ചിരിക്കുന്നുവല്ലോ. 127 ഞാൻ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാൾ സ്നേഹിക്കുന്നു. 128 അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാർഗത്തിൽ നടക്കാൻ ഞാനിഷ്ടപ്പെടുന്നു. ഞാൻ എല്ലാ ദുർമാർഗങ്ങളെയും വെറുക്കുന്നു. പേ 129 അങ്ങയുടെ കല്പനകൾ അദ്ഭുതകരമാകുന്നു; അതുകൊണ്ടു ഞാൻ അവ അനുസരിക്കുന്നു. 130 അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. 131 അവിടുത്തെ കല്പനകൾക്കുവേണ്ടിയുള്ള അഭിവാഞ്ഛയാൽ, ഞാൻ ആർത്തിയോടെ വായ് തുറക്കുന്നു. 132 അങ്ങയെ സ്നേഹിക്കുന്നവരോടു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ. 133 അങ്ങയുടെ വാഗ്ദാനപ്രകാരം എന്റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ. അധർമങ്ങൾ എന്നെ കീഴടക്കാതിരിക്കട്ടെ. 134 പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ ഞാൻ അനുസരിക്കും. 135 അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. 136 മനുഷ്യർ അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണിൽനിന്നു കണ്ണുനീർ നീർച്ചാലുപോലെ ഒഴുകുന്നു. സാദെ 137 സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികൾ നീതിനിഷ്ഠമാണ്. 138 നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകൾ നല്‌കിയിരിക്കുന്നു. 139 എന്റെ ശത്രുക്കൾ അവിടുത്തെ വചനം അവഗണിക്കുന്നതിനാൽ, അവരോടുള്ള കോപം എന്നിൽ ജ്വലിക്കുന്നു. 140 അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്. ഈ ദാസൻ അതിനെ സ്നേഹിക്കുന്നു. 141 ഞാൻ നിസ്സാരനും നിന്ദിതനുമാണ്, എങ്കിലും അങ്ങയുടെ കല്പനകൾ ഞാൻ വിസ്മരിക്കുന്നില്ല. 142 അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധർമശാസ്ത്രം സത്യവുമാകുന്നു. 143 കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു. എങ്കിലും അങ്ങയുടെ കല്പനകൾ എനിക്ക് ആനന്ദം പകരുന്നു. 144 അവിടുത്തെ കല്പനകൾ എന്നും നീതിനിഷ്ഠമാകുന്നു. ഞാൻ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്‌കണമേ. കോഫ് 145 ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സർവേശ്വരാ, എനിക്ക് ഉത്തരമരുളിയാലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ പാലിക്കും. 146 ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്നെ രക്ഷിക്കണമേ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കും. 147 ഞാൻ അതിരാവിലെ ഉണർന്നു സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുന്നു. ഞാൻ അവിടുത്തെ വാഗ്ദാനങ്ങളിൽ പ്രത്യാശ വയ്‍ക്കുന്നു. 148 അങ്ങയുടെ വചനം ധ്യാനിക്കാൻ രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരിക്കുന്നു. 149 അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ യാചന കേൾക്കണമേ. സർവേശ്വരാ, അവിടുത്തെ നീതിയാൽ എന്റെ ജീവനെ സംരക്ഷിക്കണമേ. 150 ദുഷ്ടലാക്കോടെ പീഡിപ്പിക്കുന്നവർ എന്നെ സമീപിക്കുന്നു. അവർ അവിടുത്തെ ധർമശാസ്ത്രത്തെ പൂർണമായി അവഗണിച്ചിരിക്കുന്നു. 151 എന്നാൽ സർവേശ്വരാ, അവിടുന്ന് എനിക്കു സമീപസ്ഥനാകുന്നു. അവിടുത്തെ കല്പനകളെല്ലാം സത്യംതന്നെ. 152 അവിടുത്തെ കല്പനകൾ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അതു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. രേശ് 153 നാഥാ, എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ. അങ്ങയുടെ ധർമശാസ്ത്രം ഞാൻ അവഗണിക്കുന്നില്ലല്ലോ. 154 എനിക്കുവേണ്ടി വാദിച്ച് എന്നെ വീണ്ടെടുത്താലും, അങ്ങയുടെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. 155 ദുഷ്ടരെ ദൈവം രക്ഷിക്കയില്ല. അവിടുത്തെ ചട്ടങ്ങൾ അവർ അനുസരിക്കുന്നില്ലല്ലോ. 156 സർവേശ്വരാ, അങ്ങയുടെ കാരുണ്യം വലുതാകുന്നു. അങ്ങയുടെ നീതിക്കൊത്തവിധം എനിക്കു നവജീവൻ നല്‌കണമേ. 157 എന്നെ പീഡിപ്പിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു. എങ്കിലും അങ്ങയുടെ കല്പനകളിൽനിന്നു ഞാൻ വ്യതിചലിക്കുന്നില്ല. 158 അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്. അവർ അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നില്ലല്ലോ. 159 സർവേശ്വരാ, അവിടുത്തെ കല്പനകൾ എനിക്ക് എത്ര പ്രിയങ്കരം! അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ജീവൻ കാത്തുകൊള്ളണമേ. 160 അങ്ങയുടെ വചനത്തിന്റെ സാരം സത്യമാകുന്നു. അങ്ങയുടെ കല്പനകൾ നീതിയുക്തവും ശാശ്വതവുമാണ്. ശീൻ 161 പ്രഭുക്കന്മാർ അകാരണമായി എന്നെ ഉപദ്രവിക്കുന്നു. എങ്കിലും അങ്ങയുടെ വചനത്തെ ഞാൻ ഭയഭക്തിയോടെ ആദരിക്കുന്നു. 162 വലിയ കൊള്ളമുതൽ ലഭിച്ചവനെപ്പോലെ, ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു. 163 അസത്യത്തെ ഞാൻ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഞാൻ അവിടുത്തെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. 164 അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കായി, ദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു. 165 അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് പൂർണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താൻ യാതൊന്നിനും കഴിയുകയില്ല. 166 സർവേശ്വരാ, അവിടുത്തെ രക്ഷയ്‍ക്കായി ഞാൻ കാത്തിരിക്കുന്നു. അവിടുത്തെ ആജ്ഞകൾ അനുസരിക്കുന്നു. 167 ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കുന്നു. ഞാൻ അവയെ വളരെയധികം സ്നേഹിക്കുന്നു. 168 ഞാൻ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു. എന്റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ. തൌ 169 സർവേശ്വരാ, എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്‌കണമേ. 170 എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ. 171 അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കുന്നതുകൊണ്ട്, ഞാൻ ഇടവിടാതെ അങ്ങയെ സ്തുതിക്കും. 172 ഞാൻ അവിടുത്തെ വചനത്തെ പ്രകീർത്തിക്കും. അവിടുത്തെ കല്പനകൾ നീതിനിഷ്ഠമല്ലോ. 173 അവിടുന്ന് എന്നെ സഹായിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കണമേ. അവിടുത്തെ കല്പനകൾ അനുസരിക്കാൻ ഞാൻ ഉറച്ചിരിക്കുന്നുവല്ലോ. 174 പരമനാഥാ, അവിടുന്നു നല്‌കുന്ന രക്ഷയ്‍ക്കായി ഞാൻ കാംക്ഷിക്കുന്നു. അവിടുത്തെ ധർമശാസ്ത്രമാണ് എന്റെ ആനന്ദം. 175 അങ്ങയെ സ്തുതിക്കാൻവേണ്ടി ഞാൻ ജീവിക്കട്ടെ. അവിടുത്തെ കല്പനകൾ എനിക്ക് ആശ്രയമായിരിക്കട്ടെ. 176 കൂട്ടംവിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റിയിരിക്കുന്നു. അവിടുത്തെ ദാസനെ തേടിവരണമേ. അവിടുത്തെ കല്പനകൾ ഞാൻ അവഗണിക്കുന്നില്ലല്ലോ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India